അബുദാബി: അബുദാബിയില്‍ ഹ്രസ്വസന്ദര്‍ശനത്തിനായി വിമാനമിറങ്ങിയ പ്രധാനമന്ത്രി മോദിക്ക് ഊഷ്മളമായ സ്വീകരണം. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നേരിട്ടെത്തിയാണ് വിമാനാത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചത്. ജര്‍മനയില്‍ നടന്ന ജി-7 സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം മടങ്ങും വഴിയാണ് മോദി അബുദാബിയില്‍ എത്തിയത്. പ്രധാനമന്ത്രിയായ ശേഷം മോദിയുടെ നാലാമത്തെ യുഎഇ സന്ദര്‍ശനമാണിത്.


യുഎഇ പ്രസിഡന്റായിരുന്ന ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വേര്‍പാടില്‍ പ്രധാനമന്ത്രി നേരിട്ട് അനുശോചനം അറിയിക്കാനും പിന്നീട് പുതിയ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ അഭിനന്ദിക്കുകയുമാണ് സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം. സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്നു രാത്രി ന്യൂദല്‍ഹിയിലേക്കു മടങ്ങും. യുഎഇ സര്‍ക്കാരിന്റെ പരമോന്നത പുരസ്‌കാരമായ ‘ഓര്‍ഡര്‍ ഓഫ് സായിദ്’ ഏറ്റുവാങ്ങാനാണ് അദ്ദേഹം ഇതിനുമുമ്പ് യുഎഇയിലെത്തിയത്.