ദോഹ: വിമാനനിര്‍മ്മാണക്കമ്പനിയായ എയര്‍ബസിനെതിരെ വന്‍ തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഖത്തര്‍ എയര്‍വെയ്‌സ് രംഗത്ത്. കമ്പനിക്കെതിരെ ബ്രിട്ടീഷ് കോടതികളില്‍ മാസങ്ങളായി കേസ് നടക്കുകയാണ്. എയര്‍ബസ് 350ന്റെ പെയിന്റിംഗിലാണ് പ്രശ്‌നം കണ്ടെത്തിയിരിക്കുന്നത്.

തങ്ങള്‍ ആവശ്യപ്പെട്ട നഷ്ടപരിഹാരം തന്നാല്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റി വച്ചിരിക്കുന്ന വിചാരണയില്‍ നിന്ന് പിന്‍മാറാമെന്നും ഖത്തര്‍ എയര്‍വെയസ്് വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളെ പോലെയുള്ള ദീര്‍ഘകാല ഇടപാടുകാരെ ഇത്തരത്തില്‍ വഞ്ചിക്കരുതെന്നും കമ്പനി മേധാവി അക്ബര്‍ അല്‍ ബക്കര്‍ പറഞ്ഞു,

വിചാരണ വേഗത്തിലാക്കാമെന്ന് ലണ്ടന്‍ ഹൈക്കോടതി ജഡ്ജി ഉറപ്പ് നല്‍കിയിരുന്നു. കേസ് വേഗം തീര്‍ക്കാനാകുമെന്നാണ് ഇരുപക്ഷവും പ്രതീക്ഷിക്കുന്നത്. പെയിന്റിന്റെ ഗുണനിലവാരമില്ലായ്മ മൂലമാണ് ഇത് ഇളകിപ്പോകുന്നതെന്നും ഇത് മിന്നല്‍ പ്രതിരോധം നഷ്ടപ്പെടുത്തുമെന്നും ഖത്തര്‍ എയര്‍വെയ്‌സ് ചൂണ്ടിക്കാട്ടുന്നു.

ഓരോ വിമാനത്തിനും പ്രതിദിനം 200,000 ഡോശര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് കമ്പനിയുടെ ആവശ്യം. എയര്‍ബസിന്റെ ഏറ്റവും വലിയ ഇടപാടുകാരില്‍ ഒന്നായ ഖത്തര്‍ എയര്‍ വെയ്‌സ് 600 കോടി ഡോളറിന്റെ പുതിയ ഇടപാടുകള്‍ റദ്ദാക്കിയതായും കമ്പനി വ്യക്തമാക്കി.

പ്രശ്‌നങ്ങള്‍ എത്രയും വേഗത്തില്‍ തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് എയര്‍ബസ് അധികൃതര്‍ പ്രതികരിച്ചു.