ഹോങ്കോങ്ങ്: ലോകപ്രശസ്തമായ ഒഴുകുന്ന റെസ്‌റ്റൊറന്റ് ജംബോ കിങ്ഡം കടലിൽ മുങ്ങി. മുങ്ങാനുള്ള കാരണമെന്തെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.ജംബോ കിങ്ഡം എന്നറിയപ്പെട്ടിരുന്ന മൂന്നുനിലകളുള്ള കപ്പലാണിത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒഴുകുന്ന റെസ്‌റ്റൊറന്റായിരുന്നു ഇത് ഒരിക്കൽ. ഹോങ്കോങ്ങിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായിരുന്ന ജംബോ ഏകദേശം 50 വർഷത്തോളമായി നീറ്റിലിങ്ങിയിട്ട്.

ഒരു തുറമുഖത്തേക്ക് റെസ്റ്റൊറന്റ് യാത്ര ചെയ്യുകയായിരുന്നുവെന്നും ചില പ്രതികൂല സാഹചര്യങ്ങളെത്തുടർന്ന് ഇത് തെക്കൻ ചൈനാ കടലിലുള്ള ഷിൻഷ ദ്വീപുകൾക്കു സമീപം തലകീഴായി മറിയുകയായിരുന്നുവെന്നും അബെർദീൻ റെസ്റ്റൊറന്റ് എന്റർപ്രൈസസ് ലിമിറ്റഡ് പത്രക്കുറിപ്പിൽ അറിയിച്ചു. റെസ്റ്റൊറന്റിന്റെ നടത്തിപ്പുചുമതല അബെർദീൻ റെസ്റ്റൊറന്റ് എന്റർപ്രൈസസ് ലിമിറ്റഡിനാണ്.

സംഭവത്തിൽ അബെർദീൻ റെസ്റ്റൊറന്റ് എന്റർപ്രൈസസ് അതീവ ദുഃഖത്തിലാണെന്നും അപകടത്തിൽ കൂടുതൽ വിശദാംശങ്ങൾ തേടുകയാണെന്നും പ്രസ്താവന കൂട്ടിച്ചേർത്തു.

അതേസമയം, അപകടത്തിൽ ആർക്കും പരിക്കില്ല. സംഭവത്തിൽ നിരവധി പേർ സാമൂഹികമാധ്യമങ്ങളിലൂടെ ദുഃഖം രേഖപ്പെടുത്തി. ചിലർ റെസ്റ്റൊറന്റിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചപ്പോൾ ചിലരാകട്ടെ വിടവാങ്ങൽ സന്ദേശങ്ങൾ ഷെയർ ചെയ്തു.

ഏകദേശം 80 മീറ്ററാണ് ജംബോ കിങ്ഡത്തിന്റെ ഉയരം. മറ്റൊരു ചെറിയ റെസ്‌റ്റൊറന്റ് ബോട്ട്, സീഫുഡ് ടാങ്കുകളുടെ പത്തേമാരി, അടുക്കള പ്രവർത്തിക്കുന്ന ബോട്ട്, സന്ദർശകരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന എട്ട് ചെറിയ കടത്തുതോണികൾ എന്നിവ അടങ്ങുന്നതാണ് ജംബോ കിങ്ഡം.

നിരവധി സിനിമകളുടെ ഭാഗമായിട്ടുള്ള ഈ റെസ്റ്റൊറന്റ് എലിസബത്ത് രാജ്ഞി, ജിമ്മി കാർട്ടർ, ടോം ക്രൂയിസ് തുടങ്ങിയവർക്ക് ആതിഥ്യമരുളിയിട്ടുമുണ്ട്.