വിലക്കയറ്റം നേരിടാൻ :യുഎസ് പ്രഖ്യാപിച്ച പുതിയ അടിസ്ഥാന പലിശ നിരക്ക്, ഇന്ത്യക്ക് വൻതിരിച്ചടി

കൊച്ചി: അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് 0.75 ശതമാനം പലിശ ഉയർത്തിയത് രാജ്യാന്തര തലത്തിൽ വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കും.

28 വർഷത്തിനിടെ ഇതാദ്യമായാണ് 0.75 ശതമാനം വർധന ഫെഡറൽ റിസർവ് നടത്തുന്നത്. വിലക്കയറ്റം നേരിടാൻ യുഎസ് പ്രഖ്യാപിച്ച പുതിയ അടിസ്ഥാന പലിശ നിരക്ക് പക്ഷേ ഇന്ത്യയേയും ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ.ഇന്ത്യ പോലുള്ള വികസ്വര വിപണികളുടെ ആകർഷണീയത വിദേശ നിക്ഷേപകരുടെ ഇടയിൽ വീണ്ടും ഇടിയാൻ ഇത് കാരണമാകും.

വിദേശ നിക്ഷേപകർ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ ഓഹരി വിപണികളിൽനിന്ന് നിക്ഷേപം പിൻവലിക്കുന്നതു തുടരുകയും ചെയ്യും. നിക്ഷേപം തിരികെ എത്തുന്നതിന് അനുസരിച്ച്‌ ഡോളർ വീണ്ടും കരുത്താർജിക്കും. ഇത് ഇന്ത്യൻ രൂപയെ കൂടുതൽ തളർത്തും. രൂപയുടെ തളർച്ച ഇന്ത്യയുടെ ഇറക്കുമതി ചെലവു വലിയതോതിൽ കൂട്ടും. നിലവിൽ 120 ഡോളറിനു മുകളിലാണ് രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില. ആവശ്യമായ എണ്ണയുടെ 85 ശതമാനത്തോളവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. അതും പണം ഡോളറിൽ നൽകി.

ഡോളറിനെതിരെ ഇന്ത്യൻ രൂപ ഇടിയുന്നതിനനുസരിച്ച്‌ എണ്ണ വാങ്ങാൻ കൂടുതൽ പണം രാജ്യം ചെലവാക്കേണ്ടിവരും.ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തിയാൽ അതിന്റെ പ്രതിഫലനം ലോകരാജ്യങ്ങളിലെല്ലാമുണ്ടാകും. ഓരോ രാജ്യത്തിന്റെയും സമ്പദ് വ്യവസ്ഥയെ ഫെഡറൽ റിസർവിന്റെ അടിസ്ഥാന നിരക്ക് ബാധിക്കും. മാത്രമല്ല, രാജ്യാന്തര തലത്തിലെ പ്രതിസന്ധികൾ കൊണ്ടുണ്ടാകുന്ന ഈ പണപ്പെരുപ്പം ലോകരാജ്യങ്ങൾക്കെല്ലാം ഭീഷണിയുമാണ്. ഫെഡറൽ റിസർവ് കഴിഞ്ഞ മാസം 50 ബേസിസ് പോയിന്റ് കൂട്ടിയിരുന്നു. ഇത് ഇന്ത്യ അടക്കമുള്ള സമ്പദ് വ്യവസ്ഥകളെ സമാനതയില്ലാത്ത തരത്തിൽ ബാധിക്കും. വിദേശ നിക്ഷേപകരുടെ പിൻവലിക്കൽ ഡോളറിലായതിനാൽ ഡോളർ ഡിമാൻഡ് ഉയരും.

ഡോളറിനെതിരെ രൂപ മാത്രമല്ല, എല്ലാ രാജ്യങ്ങളുടെയും കറൻസികൾ ദുർബലമാകാൻ ഈ പലിശ ഉയർത്തൽ ഇടയാക്കും. ഓഹരികൾ വിറ്റ് നിക്ഷേപം മടക്കിക്കൊണ്ടുപോകുന്നത് രാജ്യത്തെ ആഭ്യന്തര നിക്ഷേപകർക്ക് ഭീമമായ നഷ്ടം വരുത്തും. ഡോളർ ക്ഷാമവുമുണ്ടാക്കും. ഡോളറിനെതിരെ രൂപയുടെ വില കുറയുന്നത് രാജ്യത്തിന്റെ ഇറക്കുമതി ചെലവു വൻതോതിൽ കൂട്ടാൻ ഇടയാക്കും. റഷ്യ-യുക്രെയ്ൻ യുദ്ധം മൂലം ക്രൂഡ് ഓയിൽ വില കുതിച്ചു കയറുമ്പോഴാണ് രൂപ ഡോളറിനെതിരെ തളരുന്നത്. ഇന്ധനത്തിന്റെ ഇറക്കുമതിച്ചെലവേറുന്നത് രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി കൂട്ടും. ഇത് രാജ്യത്തിന്റെ ജിഡിപി വളർച്ചാ നിരക്കിനെയും പിന്നോട്ടടിക്കും. ഇന്ധന നികുതി ഇനിയും കൂട്ടാൻ ഒരുപക്ഷേ, സർക്കാർ നിർബന്ധിതരായേക്കും.

നിരക്കുയർത്താനുള്ള അമേരിക്കയുടെ തീരുമാനത്തോടു ഇന്ത്യൻ വിപണിയും നെഗറ്റീവായിത്തന്നെയാവും പ്രതികരിക്കുക. പലിശ നിരക്കു ഉയർത്തുന്നത് ഓഹരി വിപണികളിലെ നിക്ഷേപങ്ങളുടെ ആകർഷണീയത കുറയ്ക്കുക മാത്രമല്ല ചെയ്യുന്നത്, മറിച്ച്‌ പണലഭ്യത കുറയുന്നതു മൂലമുള്ള ഡിമാൻഡ് ഇടിവ് കമ്പനികളെ ബാധിക്കുകയും ചെയ്യും. ഡിമാൻഡ് കുറയുന്നത് കമ്പനികളുടെ വരുമാനം കുറയ്ക്കും. ഇതും ഓഹരികളുടെ വിലയെ സ്വാധീനിക്കും.

Advertisement