വാഷിങ്ടൺ: ടെക്‌സസിലെ റോബ് എലിമെന്ററി സ്‌കൂളിലെ വെടിവെപ്പിൽ കൊല്ലപ്പെട്ട അധ്യാപികയുടെ സംസ്കാര ചടങ്ങിനിടെ ഭർത്താവ് കുഴഞ്ഞുവീണ് മരിച്ചു.

വെടിവെപ്പിനിടെ കൊല്ലപ്പെട്ട രണ്ട് അധ്യാപകരിൽ ഒരാളായ ഇർമ ഗാർസിയയുടെ ഭർത്താവാണ് മരിച്ചത്. സ്കൂൾ കാലം തൊട്ടേ പ്രണയത്തിലായിരുന്ന ഇരുവരും തമ്മിൽ നല്ല അടുപ്പത്തിലായിരുന്നെന്നും ഇമയുടെ മരണം ഭർത്താവിന് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നെന്നും ബന്ധുക്കൾ അഭിപ്രായപ്പെട്ടു. 24 വർഷത്തിലേറെ ദാമ്പത്യം തുടരുന്ന ഇവർക്ക് നാല് കുട്ടികളുണ്ട്.

റോബ് എലിമെന്ററി സ്കൂളിലെ നാലാം ക്ലാസ് അദ്ധ്യാപികയായിരുന്നു ഇർമ ഗാർസിയ. കഴിഞ്ഞ 23 വർഷത്തോളം അവർ ഈ സ്കൂളിൽ അദ്ധ്യാപികയായി ജോലി ചെയ്തിരുന്നു. ഇർമയുടെ മരണത്തെതുടർന്ന് അനാഥരായ ഗാർസിയ കുടുംബത്തിലെ കുട്ടികൾക്ക് വേണ്ടി ഒരു ഓൺലൈൻ ധനസമാഹരണം ആരംഭിച്ചിട്ടുണ്ടെന്നും നിരവധി ആളുകൾ സംഭാവനകൾ നൽകിയതായും ബി.ബി.സി റിപ്പോർട്ട് ചെയ്തു.

ടെക്സാസിലെ റോബ് എലമെൻററി സ്കൂളിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് വെടിവെപ്പുണ്ടാകുന്നത്.18 കുട്ടികൾ ഉൾപ്പടെ 21 പേർ വെടിവെപ്പിൽ കൊല്ലപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ പ്രതിയായ 18കാരൻ സാൽവദോർ റാമോസ് കൊല്ലപ്പെട്ടിരുന്നു. റാമോസ് മുത്തശ്ശിയെ വെടിവെച്ച്‌ കൊലപ്പെടുത്തിയതിന് ശേഷമാണ് സ്കൂളിലെത്തിയതെന്ന് ടെക്സാസ് ഗവർണർ ഗ്രെഗ് അബോട്ട് അറിയിച്ചിരുന്നു.