ബാഗ്ദാദ്: ഇറാഖി കമ്മ്യൂണിസ്റ്റ് കവി മുസഫർ അൽ നവാബ് (88) അന്തരിച്ചു. 1934ൽ ബാ​ഗ്ദാദിലെ പ്രമുഖ കുടുംബത്തിൽ ജനിച്ച മുസഫർ അൽ നവാബ് അറബ് സ്വേച്ഛാധിപത്യത്തിനെതിരായ വിമർശന കവിതകളാൽ ചെറുപ്പം മുതലേ പ്രശസ്തനായിരുന്നു.

യൂണിവേഴ്സിറ്റിയിലെ പഠനത്തിനു ശേഷം അധ്യാപകനായി ജോലി ചെയ്ത അദ്ദേഹത്തെ രാഷ്ട്രീയ കാരണങ്ങളാൽ പിന്നീട് പിരിച്ചു വിട്ടു. 1963ലെ കമ്യൂണിസ്റ്റ് വേട്ടയെ തുടർന്ന് അദ്ദേഹത്തിന് രാജ്യം വിടേണ്ടി വന്നു. ഇറാനിലേക്ക് കടന്ന അദ്ദേഹത്തെ ഇറാനിയൻ രഹസ്യ പൊലീസ് വീണ്ടും ഇറാഖിലേക്ക് നാടുകത്തി.

കവിതയുടെ പേരിൽ ഒരു ഇറാാഖി കോടതി അദ്ദേഹത്തെ തൂക്കിക്കൊല്ലാൻ വിധിക്കുകയുണ്ടായി. പിന്നീട് ജീവപര്യന്തമാക്കി കുറച്ചു. തുരങ്കത്തിലൂടെ ജയിൽ ചാടിയ മുസഫർ അൽ നവാബ് രഹസ്യ കമ്യൂണിസ്റ്റ് ഗ്രൂപ്പുകളിൽ പ്രവർത്തനം തുടർന്നു. ജീവിതത്തിന്റെ നല്ലൊരു കാലം അദ്ദേഹം ഒളിവിലായിരുന്നു. ഇറാൻ, ഡ്യാമാസ്കസ്, ബെയ്റൂട്ട് എന്നിവിടങ്ങളിലെ പ്രവാസ കാലഘട്ടങ്ങളിലും തന്റെ നിലപാടുകളിൽ അദ്ദേഹം ഉറച്ചുനിന്നു.

ഇറാഖിന്റെ ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള കവികളിലൊരാളായ മുസഫർ അൽ നവാബ് വിപ്ലവ കവി എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ആദ്യ സമ്പൂർണ അറബ് ഭാഷാ കവിതാ സമാഹാരം ദാർ ഖൻബർ 1996ലാണ് പുറത്തിറങ്ങിയത്. 2011ലാണ് മുസഫർ അൽ നവാബ് അവസാനമായി ഇറാഖ് സന്ദർശിച്ചത്. ഇറാഖിലെ ജനറൽ യൂണിയൻ ഓഫ് ലിറ്ററേച്ചർ ആൻഡ് ബുക്സിന്റെ ആസ്ഥാനത്തു നിന്നാരംഭിച്ച വിലാപയാത്രയിൽ ആയിരങ്ങൾ പങ്കെടുത്തു.