ജിദ്ദ: വിഖ്യാത ഇന്ത്യൻ ആൾറൗണ്ടർ ക്രിക്കറ്റർ ഇർഫാൻ പത്താൻ, സകുടുംബം വിശുദ്ധ മക്കയിൽ.

കഴിഞ്ഞ ചൊവാഴ്ചയാണ് മുപ്പത്തിയേഴുകാരനായ ഇർഫാൻ, ഭാര്യ സ്വഫ ബേഗ്, ആറ് വയസ്സുകാരനായ മകൻ ഇമ്രാൻ ഖാൻ, ഒന്നര വയസ്സുള്ള സുലൈമാൻ ഖാൻ എന്നിവരോടൊത്ത് പുണ്യനാട്ടിൽ എത്തിയത്. ഉംറ വേഷധാരിയായി കുടുംബ സമേതം വിശുദ്ധ മന്ദിരത്തിന്റെ ചാരത്ത് നിൽക്കുന്ന ചിത്രങ്ങൾ ഇർഫാൻ തന്നെ ട്വിറ്ററിലൂടെ പങ്കുവച്ചു.

ഉംറ നിർവഹിച്ച ഇർഫാൻ പത്താൻ സൗദി ഇസ്ലാമിക മതകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലുഷൈഖിനെ സന്ദർശിച്ച ചിത്രങ്ങളും പങ്കുവെച്ചവയിൽ ഉൾപ്പെടുന്നു.

ചിത്രങ്ങളിൽ മുതിർന്ന മകൻ ഇമ്രാൻ ഖാനെ കാണുന്നില്ലെന്ന് പലരും കമന്റുകളിൽ കുറിച്ചു.

2016 ൽ മക്കയിൽ വെച്ച്‌ തന്നെയായിരുന്നു ഇർഫാന്റെ വിവാഹം. മോഡലിംഗ് കരിയറിലുള്ള മാധ്യമ പ്രവർത്തക സഫ ബൈഗ് ആണ് ഭാര്യ. സൗദിയിൽ സംരംഭകനായ ഹൈദരാബാദ് സ്വദേശി മിർസ ഫാറൂഖ് ബേഗിന്റെ മകളാണ് ജിദ്ദാ ഇന്റർനേഷണൽ ഇന്ത്യൻ സ്കൂൾ പൂർവ വിദ്യാർത്ഥിനി കൂടിയായ സഫ. വിവാഹ ശേഷം സഫ മോഡലിംഗ് തൊഴിൽ വേണ്ടെന്ന് വെച്ചു.

2020 ൽ മത്സരങ്ങളിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ച ശേഷം ഇന്ത്യൻ ക്രിക്കറ്റിന്റെ വിവിധ മേഖലകളിൽ സേവനം അനുഷ്ഠിക്കുകയാണ് ഇർഫാൻ. ഒടുവിൽ ഐ പി ൽ മത്സരങ്ങളുടെ കമെന്ററി ചെയ്തുകൊണ്ടിരിക്കുമായാണ്. ഇതിനിടയിലാണ് ഉംറ അനുഷ്ഠിക്കുവാൻ കുടുംബ സമേതം മക്കയിലേക്ക് തീർത്ഥാടനത്തിന് തിരിച്ചത്.

ടെസ്റ്റ് ക്രിക്കറ്റുകളിലും ഏകദിന മത്സരങ്ങളിലുമായി നൂറിലേറെ വിക്കറ്റുകൾ വാരിക്കൂട്ടിയ ഇർഫാൻ പത്താൻ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ 29 ടെസ്റ്റ് മത്സരങ്ങളിലും 120 ഏകദിനങ്ങളിലും 24 ട്വന്റി – ട്വന്റികളിലും പങ്കെടുത്തിരുന്നു.

ഇന്ത്യൻ ക്രിക്കറ്റിലെ പത്താൻ സഹോദരന്മാരിൽ ജ്യേഷ്ഠനും മുൻ ദേശീയ താരവുമായ യൂസുഫ് പത്താനൊപ്പം ഡൽഹിയിൽ പ്രവർത്തിക്കുന്ന പത്താൻസ് ക്രിക്കറ്റ് അക്കാദമി യാണ് ഇപ്പോഴത്തെ പ്രവർത്തന കളരി.