കോവിഡും കുട്ടികളിൽ കണ്ടെത്തിയ ഹെപറ്റൈറ്റിസും തമ്മിൽ ബന്ധമുണ്ടെന്ന് വിദഗ്ധർ; ‘കരൾ മാറ്റിവയ്‌ക്കേണ്ടി വന്നത് 17 കുട്ടികൾക്ക്’

ന്യൂഡൽഹി: കൊറോണ വൈറസും കുട്ടികളിൽ കണ്ടെത്തിയ ഹെപറ്റൈറ്റിസ് കേസുകളും തമ്മിൽ ബന്ധമുണ്ടെന്ന് മെഡിക്കൽ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
മുമ്പ് കോവിഡ് ബാധിച്ച കുട്ടികളിൽ വൈറസ് ഉള്ളതിനാൽ, അത് കരളിനെ ബാധിക്കുമെന്നും വിദഗ്ധർ വിശ്വസിക്കുന്നു.

കഴിഞ്ഞ മാസം ബ്രിട്ടനിലാണ് കോവിഡ് പിടിപെട്ട കുട്ടികളിൽ കരൾ രോഗം കണ്ടെത്തിയത്. അതിന് ശേഷം ലോകമെമ്പാടുമുള്ള 22 ലധികം രാജ്യങ്ങളിൽ നിന്നുള്ള കുട്ടികളിൽ നിന്ന് 429 ലധികം കരൾ രോഗ കേസുകൾ റിപോർട്ട് ചെയ്തു. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു എച്ച് ഒ) കണക്കനുസരിച്ച്‌ ഗുരുതരമായ ഹെപറ്റൈറ്റിസ് കേസുകൾ കരൾ വീക്കത്തിലേക്ക് നയിക്കുന്നു.

ഇരുണ്ട മൂത്രം, കണ്ണുകളിലും ചർമത്തിലും മഞ്ഞനിറം (മഞ്ഞപ്പിത്തം), ക്ഷീണം, പനി, വിശപ്പില്ലായ്മ, ഓക്കാനം, ഛർദി, വയറുവേദന, ഇളം നിറത്തിലുള്ള മലം, സന്ധി വേദന എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ. വീക്കവും മറ്റ് ലക്ഷണങ്ങളും കുറയ്ക്കാൻ മരുന്നുകൾ സഹായിക്കുമെങ്കിലും ഹെപറ്റൈറ്റിസ് ഭേദമാക്കാൻ പ്രത്യേക ചികിത്സയില്ല.

കുട്ടികളിൽ പെട്ടെന്നുള്ള കേസുകളുടെ വർധനവ് അഡെനോവൈറസ് എന്നറിയപ്പെടുന്ന ജലദോഷ വൈറസുമായി ബന്ധപ്പെട്ടിരിക്കാമെന്ന് യുകെ ഹെൽത് സെക്യൂരിറ്റി ഏജൻസി സൂചന നൽകിയിരുന്നു. 17 കുട്ടികൾക്ക് കരൾ മാറ്റിവയ്ക്കൽ ആവശ്യമായി വന്നെന്നും ഒരാൾ മരിച്ചെന്നും ലോകാരോഗ്യ സംഘടന വക്താവ് താരിക് ജസരെവിച്ച്‌ ജനീവയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

യുകെയിൽ കൂടുതൽ കേസുകൾ ഉണ്ടെന്ന് കരുതുന്നുവെന്ന് ലൻഡനിലെ ഇംപീരിയൽ കോളജിലെ ഹെപറ്റോളജിസ്റ്റ് പ്രൊഫസർ സൈമൺ ടെയ്ലർ-റോബിൻസണെ ഉദ്ധരിച്ച്‌ ഡെയ്ലിമെയിൽ റിപ്പോർട്ട് ചെയ്തു. ‘നിലവിൽ റിപ്പോർട്ട് ചെയ്തതിലും കൂടുതൽ കേസുകൾ ഉണ്ടെന്ന് തോന്നുന്നു. പക്ഷെ, തീവ്രത കുറവായിരിക്കും,’ അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Advertisement