ന്യൂയോർക്ക്: യുഎസ് : യു‌എഫ്‌ഒകളുമായി യുഎസ് സൈന്യം 11 തവണ കൂട്ടിയിടി ഒഴിവാക്കിയെന്ന്‌ പെന്റഗൺ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ.

11 തവണ യുഎസ് വിമാനങ്ങളുമായി അപകടകരമായ രീതിയിൽ പറക്കുംതളികകൾ അടുത്തുവന്നെന്നും തലമുടിനാരിഴ വ്യത്യാസത്തിലാണ് കൂട്ടിയിടി ഒഴിവായതെന്നും പെന്റഗൺ വെളിപ്പെടുത്തി.

അരനൂറ്റാണ്ടിനു ശേഷം ആദ്യമായി അജ്ഞാത വാഹനങ്ങളെക്കുറിച്ച്‌ യുഎസ് ജനപ്രതിനിധി സഭയ്ക്കു മുൻപിൽ ഇന്ന് നടത്തിയ ഹിയറിങ്ങിലാണ് വെളിപ്പെടുത്തൽ. പെന്റഗൺ ഇന്റലിജൻസ് വിഭാഗം മേധാവികളിലൊരാളായ റൊണാൾഡ് മൗൾട്രി കമ്മിറ്റിക്കു മുൻപിൽ സന്നിഹിതനായിരിന്നു. സമീപകാലത്ത് 400ൽ അധികം യുഎഫ്‌ഒ ദർശങ്ങൾ ഉണ്ടായതായി പെന്റഗൺ വെളിപ്പെടുത്തി.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി യുഎസ് സൈനിക ബേസുകൾക്കും പരിശീലനകേന്ദ്രങ്ങൾക്കും സമീപത്ത് അജ്ഞാത പേടകങ്ങൾ കണ്ടെത്തുന്ന സംഭവങ്ങൾ വർധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇതിൽ തന്നെ കഴിഞ്ഞ പത്ത് വർഷമായി യുഎഫ്‌ഒ ഗണത്തിൽ പെടുത്താവുന്ന അജ്ഞാത വ്യോമപേടകങ്ങളെ സൈന്യവും മറ്റ് ഏജൻസികളും അഭിമുഖീകരിക്കുന്ന തോത് കൂടിയിട്ടുണ്ടെന്ന് ബ്രേ പറഞ്ഞു.

നേരത്തെ ക്ലാസിഫൈ ചെയ്തിരുന്ന ചില രഹസ്യവിഡിയോകളും ബ്രേ പ്രതിനിധികൾക്കു മുൻപിൽ കാട്ടി. അപൂർവഘടനയുള്ള ഗോളാകൃതിയിലുള്ള വാഹനങ്ങളും മറ്റും ആകാശത്ത് പറക്കുന്നതിന്റെ ദൃശ്യങ്ങളായിരുന്നു ഇത്.

മറ്റൊരു വിഡിയോയിൽ യുഎസ് വ്യോമസേനാ വിമാനത്തെ കടന്നുപോകുന്ന ഒരു അജ്ഞാത വാഹനത്തിന്റെ ദൃശ്യം കാട്ടിയിരുന്നു. മറ്റൊന്നിൽ പ്രകാശമാനമായ ത്രികോണാകൃതിയിലുള്ള വ്യോമ വാഹനങ്ങളും കണ്ടു. ത്രികോണാകൃതിയിലുള്ള വാഹനങ്ങൾ ഡ്രോണുകൾ പോലെയുള്ള മനുഷ്യനിർമിത വാഹനങ്ങളാണെന്നു പിന്നീട് കണ്ടെത്തിയതായി ബ്രേ പറഞ്ഞു.

എന്നാൽ ആദ്യം കണ്ട ഗോളാകൃതിയിലുള്ള വാഹനം ഏതാണെന്നു സ്ഥിരീകരിക്കാൻ സൈന്യത്തിനോ ഇന്റലിജൻസ് വൃത്തങ്ങൾക്കോ കഴിഞ്ഞിട്ടില്ലെന്നും ബ്രേ വെളിപ്പെടുത്തി. അതുപോലെ തന്നെ 2004ലെ നിമിറ്റ്സ് എൻകൗണ്ടർ എന്ന പ്രശസ്ത സംഭവത്തിനും വിശദീകരണം ഹിയറിങ്ങിൽ ലഭിച്ചില്ല.

അന്ന് യുഎസ്‌എസ് നിമിറ്റ്സ് എന്ന വിമാനവാഹിനിക്കപ്പലിൽ യാത്ര ചെയ്ത സൈനികർ അപൂർവഘടനയും 12 മീറ്റർ നീളവുമുള്ള ഒരു പേടകം ഭൂമിയിൽ ഇതുവരെ കൈവരിച്ചിട്ടില്ലാത്ത വേഗത്തിൽ കടലിലേക്കു താഴ്ന്നു പറക്കുന്നത് കണ്ടെന്ന് അവകാശവാദം ഉയർത്തിയിരുന്നു.

അന്യഗ്രഹ പേടകങ്ങളെന്ന് വിചാരിക്കുന്ന പലതും റഡാർ സിസ്റ്റത്തിന്റെ തകരാറുകൾ മൂലം സംഭവിക്കുന്ന പിഴവുകളാണെന്നും പക്ഷികൾ, ഡ്രോണുകൾ, ബലൂണുകൾ തുടങ്ങിയവ ഇത്തരത്തിൽ തെറ്റിദ്ധരിക്കപ്പെടാറുണ്ടെന്നും ചില വിദഗ്ധർ വിലയിരുത്തുന്നുണ്ട്.