കൊളംബോ:
ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ രജപക്‌സെ രാജിവെച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് രാജ്യത്ത് വൻ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിലാണ് രാജി. ഭരണപ്രതിസന്ധി ഉടലെടുത്തതിന് പിന്നാലെ രാജ്യത്ത് കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മഹീന്ദ രാജിവെച്ചത്. ആരോഗ്യമന്ത്രി ചന്ന ജയസുമനയും രാജി വെച്ചിട്ടുണ്ട്
സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്കിടെ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തിങ്കളാഴ്ച പ്രസിഡന്റ് ഗോതബായ രജപക്‌സെയുടെ ഓഫീസിലേക്ക് ജനം ഇരച്ചുകയറിയിരുന്നു. പ്രക്ഷോഭകരെ അടിച്ചമർത്താനുള്ള ശ്രമത്തിനിടെ നിരവധി പേർക്ക് പരുക്കേറ്റു. പിന്നാലെയാണ് സർക്കാർ രാജ്യവ്യാപക കർഫ്യൂ പ്രഖ്യാപിച്ചത്. തലസ്ഥാന നഗരിയുടെ സുരക്ഷാ നിയന്ത്രണം സൈന്യം ഏറ്റെടുത്തിട്ടുണ്ട്.