ന്യൂയോർക്: ടെസ്‌ല സിഇഒ എലോൺ മസ്‌ക് ‘നിഗൂഢമായ സാഹചര്യത്തിലുള്ള’ തന്റെ മരണത്തെക്കുറിച്ച്‌ മറ്റൊരു നിഗൂഢ ട്വീറ്റ് കുറിച്ചു.
പക്ഷേ ഈ പോസ്റ്റ് അദ്ദേഹത്തിന്റെ അമ്മ മെയ് മസ്‌കിന് ഒട്ടും ഇഷ്ടപ്പെട്ടില്ല.
‘നിഗൂഢമായ സാഹചര്യങ്ങളിൽ ഞാൻ മരിക്കുകയാണെങ്കിൽ, നിങ്ങളെ അറിയാൻ സാധിച്ചു’, എന്നായിരുന്നു എലോൺ മസ്‌കിന്റെ ട്വീറ്റ്.

‘അത് തമാശയല്ല’, എന്ന് മാതാവ് കുറിച്ചപ്പോൾ, ‘ക്ഷമിക്കണം! ജീവിച്ചിരിക്കാൻ ഞാൻ പരമാവധി ശ്രമിക്കും’, എന്ന് എലോൺ മസ്ക് മറുപടി നൽകി. നിമിഷങ്ങൾക്കകം പോസ്റ്റ് ട്വിറ്ററിൽ വൈറലായി മാറി. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ സഹായിയുടെ ഭീഷണി പ്രസ്താവനയ്ക്ക് പിന്നാലെയാണ് മസ്‌കിന്റെ പുതിയ ട്വീറ്റ് വന്നത്.

നിരവധി പേർ ട്വീറ്റിന് കമന്റുമായി രംഗത്തെത്തി. ‘ഇല്ല, നിങ്ങൾ മരിക്കില്ല. നിങ്ങൾ ലോകത്തിനെ പരിഷ്കരിക്കേണ്ടതുണ്ട്’, ഒരു ഉപയോക്താവ് പോസ്റ്റ് ചെയ്തു. ഞങ്ങൾ നിങ്ങളെ എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്നായിരുന്നു മറ്റൊരു കമന്റ്. ചില ഉപയോക്താക്കൾ അദ്ദേഹത്തെ ട്രോളുകയും ചെയ്യുന്നു. നിങ്ങൾ പോയതിന് ശേഷം എനിക്ക് ട്വിറ്റർ ലഭിക്കുമോ എന്ന് ഒരു ഉപയോക്താവ് എഴുതി.

എലോൺ തന്റെ മരണത്തെക്കുറിച്ച്‌ നിഗൂഢമായ ഒരു ട്വീറ്റ് പോസ്റ്റ് ചെയ്യുന്നത് ഇതാദ്യമല്ല. ഈ വർഷം മാർച്ചിൽ, മരണം തനിക്ക് ആശ്വാസമാകുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ജർമൻ പബ്ലിഷിംഗ് കമ്പനിയായ ആക്‌സൽ സ്പ്രിംഗറിന്റെ സിഇഒ മത്യാസ് ഡോപ്‌നറുമായുള്ള അഭിമുഖത്തിൽ, കൂടുതൽ കാലം ആരോഗ്യം നിലനിർത്താൻ ആഗ്രഹിക്കുന്നുവെന്ന് എലോൺ മസ്‌ക് പറഞ്ഞിരുന്നു.