ന്യൂദൽഹി: ആസ്‌ത്രേലിയൻ ഓൾ റൗണ്ടറും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിൻറെ പ്രധാന ബാറ്റ്‌സ്മാനുമായ ഗ്ലെൻ മാക്‌സ് വെൽ ഇന്ത്യക്കാരിയായ കാമുകി വിനി രാമനെ വിവാഹം ചെയ്തു.
കഴിഞ്ഞ ഒരു ദശകമായി ഐപിഎല്ലിൽ തകർപ്പൻ ബാറ്റിംഗിലൂടെ മനം കവർന്ന 33 കാരനായ ഗ്ലെൻ മാക്‌സ് വെല്ലിൻറെ വിവാഹം സംബന്ധിച്ച ചില വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. അതിനാടകീയമായാണ് വിനി രാമൻ തൻറെ ഇൻസ്റ്റഗ്രാമിലൂടെ വിവാഹം നടന്നതായി സ്ഥിരീകരിച്ചത്. ഇരുവരും ചുംബിക്കുന്ന ചിത്രം നൽകിയായായിരുന്നു വിനി രാമൻ വിവാഹവാർത്ത പുറത്തുവിട്ടത്.
പിന്നീട് ഗ്ലെൻ മാക്‌സ് വെല്ലും തൻറെ ഇൻസ്റ്റഗ്രാം സ്റ്റോറീസിൽ വിവാഹ വാർത്ത പുറത്തുവിട്ടു.

ഇരുകൂട്ടരുടെയും വിവാഹമോതിരം കാട്ടിക്കൊണ്ടായിരുന്നു ഈ വാർത്ത മാക്‌സ് വെൽ സ്ഥിരീകരിച്ചത്. ‘സ്‌നേഹം പരിപൂർണ്ണത തേടിയുള്ള അന്വേഷണമാണ്. നിന്നിലൂടെ ഞാൻ പരിപൂർണ്ണനായെന്ന് അനുഭവപ്പെട്ടു’- ഗ്ലെൻ മാക്‌സ് വെൽ ഇൻസ്റ്റഗ്രാം ഫോട്ടോയ്‌ക്കൊപ്പമുള്ള കുറിപ്പിൽ പറഞ്ഞു. കഴിഞ്ഞ നാല് വർഷമായി ഇരുവരും അടുത്തിരുന്നു.

2020 ഫിബ്രവരിയിലാണ് വിവാഹസമ്മതം നടത്തിയത്. അതിന് ഒരു ഭാരതീയ വേഷത്തിലാണ് ഗ്ലെൻ മാക്‌സ് വെൽ പ്രത്യക്ഷപ്പെട്ടത്. മാർച്ച്‌ 27ന് ഇരുവരും തമിഴ്ശൈലിയിൽ വിവാഹിതരാകുമെന്ന് പ്രഖ്യാപിച്ചുള്ള വിവാഹ കാർഡ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ അതിന് മുൻപേ തന്നെ ഇരുവരും വിവാഹിതരായെന്ന വാർത്ത പുറത്തുവരികയായിരുന്നു.

ആസ്‌ത്രേല്യയിലെ മെൽബണിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുകയാണ് വിനി രാമൻ. ആസ്‌ത്രേല്യൻ നഗരത്തിൽ ജീവിക്കുന്ന തമിഴ് കുടുംബമാണ് വിനിയുടേത്. ഈയിടെ ശ്രീലങ്കയിൽ ടി20 പരമ്പരയിൽ ആസ്‌ത്രേല്യയ്ക്ക് വേണ്ടി ഗ്ലെൻ മാക്‌സ് വെൽ കളിച്ചിരുന്നു. 5-0ന് ആസ്‌ത്രേല്യ ജയിച്ച ഈ പരമ്പരയിൽ 138 റൺസോടെ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്‌സ്മാൻ ഗ്ലെൻ ആയിരുന്നു. ഇക്കുറി ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാഗ്ലൂർ വിരാട് കോഹ് ലി, മൊഹമ്മദ് സിറാജ് എന്നിവർക്കൊപ്പം ഗ്ലെൻ മാക്‌സ് വെല്ലിനെയും നിലനിർത്തിയിരുന്നു. 11 കോടിയാണ് പ്രതിഫലം. വിരാട് കോഹ്ലിക്ക് 15 കോടിയും.