ചൊവ്വയിലെ ഗർത്തത്തിന് മലയാളിയുടെ പേര് നൽകി ഇന്റർനാഷണൽ അസ്‌ട്രോണോമിക്കൽ യൂണിയൻ

ന്യൂഡൽഹി: ചൊവ്വയിലെ ഒരു ഗർത്തത്തിന് മലയാളി ശാസ്ത്രജ്ഞന്റെ പേര് നൽകി ഇന്റർനാഷണൽ അസ്‌ട്രോണോമിക്കൽ യൂണിയൻ.

ഭൗതിക ശാസ്ത്രജ്ഞനും മീറ്റിയോരോളജിസ്റ്റുമായ കൽപ്പാത്തി രാമകൃഷ്ണ രാമനാഥന്റെ സ്മരണാർത്ഥമായി ചൊവ്വയുടെ ഉപരിതലത്തിലെ 89 കിലോമീറ്റർ വ്യാസമുള്ള ഗർത്തത്തിന് രാമനാഥൻ എന്നാണ് പേരിട്ടിരിക്കുന്നത്. അഹമ്മദാബാദ് ഫിസിക്കൽ റിസർച്ച്‌ ലബോറട്ടറിയുടെ ആദ്യ ഡയറക്ടർ കൂടിയായിരുന്നു രാമകൃഷ്ണ രാമനാഥൻ.

രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നൽകി ആദരിച്ച ശാസ്ത്രജ്ഞനാണ് കൽപ്പാത്തി രാമകൃഷ്ണ രാമനാഥൻ. നോബേൽ സമ്മാന ജേതാവായ ഇന്ത്യൻ ഭൗതിക ശാസ്ത്രജ്ഞൻ സിവി രാമനുമായി ചേർന്നും ഗവേഷണം നടത്തിയിട്ടുണ്ട്. 1925ലാണ് ഇന്ത്യൻ മിറ്റിയരോളജിക്കൽ ഡിപ്പാർട്ട്‌മെന്റിൽ സീനിയർ സയന്റിസ്റ്റായി ജോലിയിൽ പ്രവേശിച്ചത്. അടുത്ത 20 വർഷം ഇന്ത്യയിലെ കാലാവസ്ഥയെക്കുറിച്ച്‌ വിശദമായ പഠനങ്ങൾ നടത്തി. ഇന്ത്യയിൽ ആദ്യമായി അന്തരീക്ഷപഠനത്തിന് വേണ്ടി ഉപകരണങ്ങൾ പിടിപ്പിച്ച ബലൂണുകൾ ഉപയോഗിച്ചത് പ്രൊഫസർ കെ ആർ രാമനാഥനാണ്. ഭൂമദ്ധ്യരേഖാപ്രദേശത്തിനു മുകളിലാണ് അന്തരീക്ഷത്തിലെ ഏറ്റവും ചൂടുള്ള വായു എന്നു തെളിയിച്ചത് അദ്ദേഹത്തിന്റെ പരീക്ഷണങ്ങളാണ്. 1948ൽ ഡപ്യൂട്ടർ ഡയറക്റ്റർ ജനറൽ സ്ഥാനത്തിരിക്കുമ്പോഴാണ് അവിടെ നിന്ന് വിരമിച്ചത്.

ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് മീറ്റിയോറോളജിയുടെ പ്രസിഡന്റ്, അന്താരാഷ്ട്ര ഓസോൺ കമ്മീഷന്റെ ചെയർമാൻ, ഭൂഗണിതത്തിന്റെയും, ഭൂഭൗതികത്തിന്റെയും അന്താരാഷ്ട്ര യൂണിയന്റെ ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. 1956-ൽ അദ്ദേഹത്തിന് ഐക്യരാഷ്ട്ര സംഘടനയുടെ അന്തരീക്ഷ പഠനത്തിനുള്ള വിദഗ്ധ മെഡൽ ലഭിച്ചിട്ടുണ്ട്. 1984 ഡിസംബർ 31നാണ് കൽപ്പാത്തി രാമകൃഷ്ണ രാമനാഥൻ അന്തരിച്ചത്.

Advertisement