യുക്രൈനിൽ ഓരോ സെക്കൻഡിലും ഒരു കുട്ടി അഭയാർഥിയായി മാറുന്നു: യു.എൻ

മോസ്കോ: ആക്രമണത്തെ തുടർന്ന് യുക്രൈനിൽ ഓരോ സെക്കൻഡിലും ഒരു കുട്ടി അഭയാർഥിയായി മാറുന്നുവെന്ന് ഐക്യരാഷ്ട്ര സഭ.

ഫെബ്രുവരി 24ന് റഷ്യ ആക്രമണം തുടങ്ങിയത് മുതൽ ഇതുവരെ 14 ലക്ഷം കുട്ടികൾ അഭയാർഥികളായി മാറിയെന്നും യു.എൻ പറഞ്ഞു.

ഇന്റർനാഷണൽ ഓർഗനൈസേഷൻ ഓഫ് മൈഗ്രേഷൻ ചൊവ്വാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മുപ്പത് ലക്ഷം ആളുകളാണ് യുക്രൈനിൽ നിന്ന് പലായനം ചെയ്തത്. ഇതിൽ പകുതിയും കുട്ടികളാണ്.

”അവസാന 20 ദിവസത്തിൽ ഓരോ ദിവസവും ശരാശരി 70,000ൽ കൂടുതൽ കുട്ടികളാണ് അഭയാർഥികളായി മാറുന്നത്”-യൂനിസെഫ് വക്താവ് ജയിംസ് എൽഡർ പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ അഭയാർഥി പ്രവാഹമാണ് ഇതെന്നാണ് കണക്കുകൾ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധവും സംഘർഷങ്ങളും മൂലം വീടുകളിൽ നിന്ന് പുറത്താക്കപ്പെട്ട എല്ലാ കുട്ടികളെയും പോലെ അതിർത്തി രാജ്യങ്ങളിലെത്തുന്ന യുക്രൈൻ കുട്ടികളും കുടുംബത്തെ വേർപിരിയാനും അക്രമത്തിനും ലൈംഗിക ചൂഷണത്തിനും വിധേയരായേക്കാമെന്നും ജയിംസ് എൽഡർ പറഞ്ഞു.

Advertisement