കാലാവസ്ഥ വ്യതിയാനം മാസം തികയാതെയുള്ള പ്രസവത്തിന് കാരണമാകുന്നുവെന്ന് ശാസ്ത്രജ്ഞര്‍
കാലാവസ്ഥ വ്യതിയാനവും അതുമൂലമുണ്ടായിട്ടുള്ള ആഗോളതാപനവും മാസം തികയാതെയുള്ള പ്രസവത്തിന് കാരണമാകുന്നുവെന്ന് ശാസ്ത്രജ്ഞര്‍. ആറ് രാജ്യാന്തര പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ശാസ്ത്രജ്ഞര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ഇത്തരത്തില്‍ മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുന്നുവെന്നും പഠനം വ്യക്തമാക്കുന്നു. ഉഷ്ണക്കാറ്റ് വീശുന്ന മേഖലകളില്‍ മറ്റിടങ്ങളെ അപേക്ഷിച്ച് മാസം തികയാതെയുള്ള പ്രസവം 16ശതമാനം കൂടുതലാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഉയര്‍ന്ന അന്തരീക്ഷ താപനിലയും കുഞ്ഞുങ്ങളുടെ ആദ്യവര്‍ഷത്തെ ഭാരവും തമ്മില്‍ ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇസ്രയേലിലെ രണ്ട് ലക്ഷം പ്രസവങ്ങളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ ഇക്കാര്യം കണ്ടെത്തിയിട്ടുള്ളത്.

അമിതമായ ചൂട് കുഞ്ഞുങ്ങളുടെ വണ്ണം വര്‍ദ്ധിപ്പിക്കുന്നു. അത് ഭാവിയില്‍ അമിത വണ്ണത്തിലേക്കും നയിക്കുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ആഗോളതാപനം കുഞ്ഞുങ്ങളുടെ ആശുപത്രി വാസത്തിനും ഹേതുവാകുന്നു. ഇത് ഭാവിയിലും വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

കാട്ടുതീയില്‍ നിന്നുണ്ടാകുന്ന പുകയും ഗുരുതര ജനന വൈകല്യങ്ങള്‍ക്ക് ഹേതുവാകുന്നു. ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം വന്ധ്യതയ്ക്കും ചെറിയ തോതിലാണെങ്കിലും കാരണമാകുന്നുണ്ട്.

പീഡിയാട്രിക് ആന്‍ഡ് പെരിനാറ്റല്‍ എപ്പിഡമിയോളജി എന്ന ജേര്‍ണലിന്റെ പ്രത്യേക പതിപ്പിലാണ് ഇക്കാര്യങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുള്ളത്. അമേരിക്ക മുതല്‍ ഡെന്‍മാര്‍ക്ക് വരെയും ഇസ്രയേല്‍ മുതല്‍ ഓസ്‌ട്രേലിയ വരെയുമുള്ള രാജ്യങ്ങളെ ഇവര്‍ പഠന വിധേയമാക്കിയിട്ടുണ്ട്.

ബീജാവാപം മുതല്‍ ശൈശവകാലത്തും കൗമാരത്തിലും എല്ലാം കാലാവസ്ഥ വ്യതിയാനങ്ങള്‍ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് ജേര്‍ണലിന്റെ കോ എഡിറ്ററായ പ്രൊഫ. ഗ്രിഗറി വെല്ലനിസ് ചൂണ്ടിക്കാട്ടുന്നു. ബോസ്റ്റണ്‍ സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് പ്രൊഫസറായ ഇദ്ദേഹവും സഹപ്രവര്‍ത്തക അമേലിയ വെസെ ലിങ്കും ചേര്‍ന്നാണ് ജേര്‍ണലിന്റെ പ്രത്യേക പതിപ്പ് എഡിറ്റ് ചെയ്തിരിക്കുന്നത്.

ഇത് എല്ലായിടത്തുമുള്ള എല്ലാവരെയും ബാധിക്കുന്ന പ്രശ്‌നമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥ വ്യതിയാനം ഇത്തരത്തില്‍ തുടര്‍ന്ന് പോകുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ സര്‍വസാധാരണാകും. അത് കൊണ്ട് തന്നെ ഈ പഠനങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ ഏറെ ഗൗരവമുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.