ന്യൂയോർക്ക്: രാജ്യത്ത് കോവിഡ് കേസുകളിൽ ജനുവരി അവസാനത്തോടെ വർധനവുണ്ടാകുമെന്നും ഫെബ്രുവരിയോടെ കുറയുമെന്നും മിഷിഗൺ സർവകലാശാലയിലെ എപ്പിഡെമിയോളജി പ്രൊഫ: ഭ്രമർ മുഖർജി മുന്നറിയിപ്പ് നൽകി.

ഡൽഹി, മഹാരാഷ്ട്ര, പശ്ചിമബംഗാൾ തുടങ്ങിയ സ്ഥലങ്ങളിൽ കോവിഡ് കേസുകൾ വർധിച്ചിട്ടുണ്ട്. എന്നാൽ അടുത്ത ഏഴോ പത്തുദിവസത്തിനുള്ളിൽ രോഗവ്യാപനത്തിൽ കുറവ് ഉണ്ടാകുമെന്നും ഭ്രമർ പറഞ്ഞു.

അടുത്ത ഏഴു ദിവസത്തിനുള്ളിലായി മറ്റു ചില സംസ്ഥാനങ്ങളിൽ കൂടി കോവിഡ് കേസുകൾ ഉയർന്നേക്കാം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് എല്ലായ്പ്പോഴും അങ്ങനെയാണെന്നും ഭ്രമർ മുഖർജി വ്യക്തമാക്കി. വാക്സിനേഷനാണ് പ്രധാനം. നിരവധി ആളുകളെ രോഗം ബാധിച്ചിട്ടുണ്ട്. പക്ഷെ വളരെ കുറച്ചുപേർക്കേ ആശുപത്രിയിൽ പോകേണ്ടി വന്നിട്ടുള്ളൂ. പ്രതിരോധ കുത്തിവെപ്പിലൂടെ പ്രതിരോധകാര്യത്തിൽ കാര്യമായ മാറ്റം വന്നതിനാൽ ഇപ്പോൾ സ്ഥിതി രണ്ടാം തരംഗത്തിൽ നിന്ന് വളരെ വ്യത്യസ്തമാണ്. മറ്റു രാജ്യങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ ഒമിക്രോൺ വൈറസ് ബാധിച്ച്‌ ആശുപത്രിയിൽ പ്രവേശിച്ചവരിൽ ഭൂരിഭാഗവും വാക്സിനെടുക്കാത്തവരാണ്.