ജനീവ: കോവിഡ് വാക്‌സിൻ സ്വീകരിക്കാത്തവർക്ക് ഒമിക്രോൺ ഭീഷണി ഉയർത്തുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന (ഡബ്ല്യൂഎച്ച്ഒ).
ഒമിക്രോൺ ഡെൽറ്റ വകഭേദത്തേക്കാൾ ഗുരുതരം അല്ലെങ്കിലും, കോവിഡ് വാക്‌സിൻ സ്വീകരിക്കാത്തവർക്ക് അപകടകരമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ലോകത്ത് ആശങ്ക ഉയർത്തി ഒമിക്രോൺ വകഭേദം അതിവേഗത്തിൽ വ്യാപിക്കുന്നതിനിടെയാണ് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. 90 ലധികം രാജ്യങ്ങൾ ജനസംഖ്യയുടെ 40% വാക്‌സിനേഷൻ പോലും കൈവരിച്ചിട്ടില്ല. ആഫ്രിക്കയിലെ 85% ആളുകൾക്ക് ഒരു ഡോസ് വാക്‌സിൻ പോലും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഡബ്ല്യൂഎച്ച്ഒ വ്യക്തമാക്കി.

ആശുപത്രിയിൽ കഴിയുന്ന രോഗികളിൽ ഭൂരിഭാഗം പേരും വാക്‌സിൻ എടുക്കാത്തവരാണെന്നും ഡബ്ല്യൂഎച്ച്ഒ പറയുന്നു. അതേസമയം പ്രതിവാര കോവിഡ് കേസുകളിൽ മുൻ ആഴ്ചയെക്കാൾ 55 ശതമാനം വർധനവാണ് ആഗോളതലത്തിൽ രേഖപ്പെടുത്തിയത്. അമേരിക്കയിൽ ഒമിക്രോൺ വ്യാപനം അതി രൂക്ഷമാവുകയാണ്. ഒരാഴ്ച കൊണ്ട് ഇരട്ടി വർധനവാണ് രേഖപ്പെടുത്തിയത്.