കാബൂൾ: തന്റെ മറ്റ് കുട്ടികളുടെ വയറ് നിറയ്ക്കാൻ ഒൻപത് വയസുള്ള മകളെ അൻപത്തിയ‌ഞ്ചുകാരന് വിറ്റ് അഫ്ഗാൻ പിതാവ്. മകൾ പർവാന മാലിക്കിനെ ഒന്നര ലക്ഷത്തോളം രൂപയ്ക്കാണ് പിതാവായ അബ്ദുൾ വിറ്റത്.

അഫ്ഗാനിസ്ഥാനിലെ വടക്ക് കിഴക്ക് പ്രവിശ്യയിൽ വർഷങ്ങളായി താമസിച്ചുവരുന്ന അബ്ദുളിന്റെ ഭാര്യയും കുട്ടികളുമടങ്ങുന്ന കുടുംബം കടുത്ത പട്ടിണിയിലാണ്. കുറച്ച്‌ മാസങ്ങൾക്ക് മുൻപ് തന്റെ പന്ത്രണ്ട് വയസുകാരിയായ മകളെയും പട്ടിണിമൂലം കുടുംബം വിറ്റിരുന്നു. കഴിഞ്ഞ മാസം സലേഹയെന്ന യുവതിയും പട്ടിണി മൂലം തന്റെ മൂന്ന് വയസുള്ള മകളെ നാൽപതിനായിരത്തോളം രൂപയ്ക്ക് വിറ്റിരുന്നു.

താലിബാൻ അധികാരം ഏറ്റെടുത്തതിനുശേഷം അഫ്ഗാനിസ്ഥാൻ സാർവത്രികമായ ദാരിദ്ര്യത്തിലേയ്ക്ക് നീങ്ങുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ വികസന വിഭാഗം സൂചിപ്പിച്ചു. ഒരു വർഷത്തിനുള്ളിൽ അഫ്ഗാനിസ്ഥാനിലെ ദാരിദ്ര്യ നിരക്ക് 98 അല്ലെങ്കിൽ 97 ശതമാനമായി ഉയരുമെന്ന് യുഎൻഡിപി ഏഷ്യാ പസഫിക് ഡയറക്ടർ കന്നി വിഗ്നരാജ പറഞ്ഞു.

കഴിഞ്ഞ രണ്ട് ദശകങ്ങളായി അഫ്ഗാനിസ്ഥാൻ നേടിയ സാമ്പത്തിക നേട്ടങ്ങളെല്ലാം രാഷ്ട്രീയ അസ്ഥിരത മൂലം ഇപ്പോൾ തകർച്ചയുടെ വക്കിലാണെന്നും കൊവിഡ് വ്യാപനം ഇതിനെ കൂടുതൽ രൂക്ഷമാക്കിയെന്നും കന്നി വിഗ്നരാജ കൂട്ടിച്ചേർത്തു.