സോള്‍; ഫൈസറിന്റെ പുത്തന്‍ കോവിഡ് ഗുളികകള്‍ വാങ്ങാന്‍ ദക്ഷിണ കൊറിയ കമ്പനിയുമായി ധാരണയായി. 70,000 കോഴ്‌സാണ് ദക്ഷിണ കൊറിയ വാങ്ങുന്നത്. കൊറിയ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഏജന്‍സി അറിയിച്ചതാണ് ഇക്കാര്യം.

നിരവധി ലോകരാജ്യങ്ങളുമായി ഫൈസര്‍ കമ്പനി മരുന്ന് ഇടപാട് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ട്. പാക്‌സ് ലോവിഡ് എന്ന തങ്ങളുടെ ഗുളിക ഏറെ ഫലപ്രദമാണെന്നാണ് ഫൈസറിന്റെ വാദം. 89ശതമാനം ആശുപത്രി വാസവും മരണവും കുറയ്ക്കാന്‍ ഇത് സഹായിക്കും. കൊറോണ വൈറസിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി മൂന്ന് ദിവസത്തിനകം മരുന്ന് കഴിക്കണമെന്നും കമ്പനി നിര്‍ദ്ദേശിക്കുന്നു.

മെര്‍ക്ക് ആന്‍ഡ് കോ ഇന്‍കുമായും നേരത്തെ തന്നെ ദക്ഷിണ കൊറിയ കോവിഡ് മരുന്ന് സംബന്ധിച്ച് കരാറില്‍ ഒപ്പ് വച്ചിട്ടുണ്ട്. കമ്പനിയുടെ 200,000 കോഴ്‌സ് മരുന്ന് വാങ്ങാനാണ് കമ്പനി ധാരണയായിട്ടുള്ളത്. ഇതിന് പുറമെ 134,000 കോഴ്‌സ് കൂടി വാങ്ങാനും പദ്ധതിയുണ്ട്. എന്നാല്‍ ഇതില്‍ ചികിത്സയ്ക്കായി ഏത് മരുന്ന് ഉപയോഗിക്കണമെന്ന കാര്യത്തില്‍ ഇനിയും തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും കെഡിസിഎ പറഞ്ഞു.

സ്വിസ് മരുന്ന് കമ്പനിയായ റോഷെ ഹോള്‍ഡിംഗ് എജിയുമായി ചര്‍ച്ച നടത്തിയെന്ന് കഴിഞ്ഞ മാസം ദക്ഷിണ കൊറിയ അറിയിച്ചിരുന്നു. കോവിഡിനെ നേരിടാന്‍ എളുപ്പത്തില്‍ ഉപയോഗിക്കാനാകുന്ന ഗുളിക വികസിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളാണ് നടന്നതെന്നും അധികൃതര്‍ പറഞ്ഞു.

കഴിക്കാവുന്ന കോവിഡ് ഗുളികകള്‍ക്കായി സര്‍ക്കാര്‍ മൂന്ന് കോടി അമേരിക്കന്‍ഡോളര്‍ നീക്കി വച്ചിട്ടുണ്ട്.

90 രാജ്യങ്ങളുമായി ഫൈസര്‍ പാക്‌സ് ലോവിഡ് വിതരണം ചെയ്യുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയതായി കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആല്‍ബര്‍ട്ട് ബൗര്‍ല കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

ബ്രിട്ടന്‍ ഇതിനകം തന്നെ മെര്‍ക്കിന്റെ 480,000 കോഴ്‌സ് ഗുളികകളും ഫൈസറിന്റെ 250,000 കോഴ്‌സ് ഗുളികകളും വാങ്ങിക്കഴിഞ്ഞു.