മോസ്‌കോ: കോവിഡ് വ്യാപനം തടയാനായി കഴിഞ്ഞ മാസം റഷ്യ പ്രഖ്യാപിച്ച വേതനത്തോടെയുള്ള അവധിയും ഫലം കണ്ടില്ലെന്ന് സൂചന. രാജ്യത്ത് ഇപ്പോഴും കോവിഡ് രോഗികളുടെ എണ്ണം റെക്കോര്‍ഡായി തുടരുകയാണ്.

വേതനത്തോടെയുള്ള അവധി അവസാനിക്കുന്ന കഴിഞ്ഞ ദിവസം രാജ്യത്ത് രോഗികളുടെ എണ്ണം 41,335ല്‍ എത്തി. കോവിഡ് മഹാമാരി വ്യാപിക്കാന്‍ തുടങ്ങിയതിന് ശേഷം ആദ്യമായാണ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് 1,188 കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു.

ഇതുവരെ രാജ്യത്ത് മൊത്തം 87 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ലോകത്ത് കോവിഡ് മഹാമാരി ഏറ്റവും അധികം ബാധിച്ച രാജ്യങ്ങളില്‍ ഒന്നാണ് റഷ്യ. ഈ ശീതകാലത്ത് ആരംഭിച്ച പുതിയ തരംഗത്തില്‍ രോഗികളുടെയും മരിച്ചവരുടെയും എണ്ണം റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്.

സ്ഫുട്‌നിക് അടക്കം തദ്ദേശീയമായി വികസിപ്പിച്ച നിരവധി വാക്‌സിനുകള്‍ റഷ്യ നല്‍കുന്നുണ്ടെങ്കിലും രാജ്യത്ത് ഇതുവരെ മൂന്നിലൊന്ന് പേര്‍ മാത്രമാണ് പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. വാക്‌സിനേഷന്‍ കുറയുന്നതാകാം സെപ്റ്റംബര്‍ മുതല്‍ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

ഒക്ടോബര്‍ മുപ്പത് മുതല്‍ നവംബര്‍ ഏഴ് വരെയാണ് രാജ്യത്ത് വേതനത്തോടെയുള്ള അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ രോഗവ്യാപനം കുറയാത്ത പശ്ചാത്തലത്തില്‍ മിക്ക ഇടത്തും അടുത്താഴ്ച വരെ ഇത് നീട്ടിയിട്ടുണ്ട്. അതേസമയം തലസ്ഥാനമായ മോസ്‌കോയില്‍ കാര്യങ്ങള്‍ നിയന്ത്രണ വിധേയമായതിനാല്‍ തിങ്കളാഴ്ച മുതല്‍ പ്രവൃത്തി ദിവസം ആയിരിക്കുമെന്ന് മോസ്‌കോ മേയര്‍ അറിയിച്ചു.