ലിസ്ബണ്‍: പോര്‍ച്ചുഗല്‍ പാര്‍ലമെന്റ് ദയാവധ ബില്ലിന് അംഗീകാരം നല്‍കി. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കോ പരിക്കുള്ളവര്‍ക്കോ ആണ് ദയാവധം അനുവദിച്ചിരിക്കുന്നത്. ഡോക്ടറുടെ മേല്‍നോട്ടത്തിലാകണം ഇത് നടപ്പാക്കേണ്ടതെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

നേരത്തെ ദയാവധ നിയമത്തിന് അംഗീകാരം നല്‍കിയെങ്കിലും കോടതി ഇത് റദ്ദാക്കിയിരുന്നു. ദയാവധത്തെക്കുറിച്ച് വ്യക്തമായി നിയമത്തില്‍ സൂചനയില്ലാതിരുന്ന സാഹചര്യത്തിലാണ് കോടതി ഇടപെട്ടത്.

അതേസമയം പാര്‍ലമെന്റ് ബില്ലിന് അംഗീകാരം നല്‍കിയിട്ടുണ്ടെങ്കിലും പോര്‍ച്ചുഗീസ് പ്രസിഡന്റിന്റെ അംഗീകാരം കൂടി ലഭിച്ചാല്‍ മാത്രമേ ഇത് നിയമമാകൂ. പ്രസിഡന്റ് മാര്‍സെലോ റെബെലോ ഡിസൂസ ബില്ലില്‍ ഒപ്പ് വയ്ക്കുകയാണെങ്കില്‍ ലോകത്ത് ദയാവധത്തിന് അംഗീകാരം നല്‍കിയിട്ടുള്ള ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയില്‍ പോര്‍ച്ചുഗലും ഇടംപിടിക്കും.

ജനുവരിയിലാണ് നേരത്തെ പോര്‍ച്ചുഗല്‍ പാര്‍ലമെന്റ് ബില്ലിന് അംഗീകാരം നല്‍കിയത്. എന്നാല്‍ പ്രസിഡന്റ് റെബെല്ലോ ഡിസൂസ കോടതിയുടെ പുനപ്പരിശോധന വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ദയാവധം അനുവദിക്കാവുന്ന സാഹചര്യങ്ങള്‍ സംബന്ധിച്ച് ബില്ലില്‍ വേണ്ടത്ര വിശദീകരണം ഇല്ലെന്ന് കോടതിയിലെ ഭൂരിഭാഗം ജഡ്ജിമാരും ചൂണ്ടിക്കാട്ടി.

ഇടത് പാര്‍ട്ടികളാണ് ദയാവധ ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്നത്. 2007ല്‍ ഗര്‍ഭച്ഛിദ്ര ബില്ലും 2010ല്‍ സ്വവര്‍ഗ വിവാഹ ബില്ലും കൊണ്ടുവന്നതും ഇവര്‍ തന്നെ ആയിരുന്നു. ഭൂരിഭാഗവും കത്തോലിക്ക ജനങ്ങള്‍ ഉള്ള രാജ്യത്ത് ഈ രണ്ട് ബില്ലുകളും പാസാക്കി നിയമമാക്കാന്‍ കഴിഞ്ഞു.