കെന്റ്: രണ്ടു യുവതികളെ വധിച്ച ശേഷം അവരെ ബലാത്സംഗം ചെയ്തിട്ടുണ്ട് എന്ന കുറ്റസമ്മതവുമായി ആശുപത്രി ഇലക്‌ട്രീഷ്യൻ.

1987ൽ നടത്തിയ ഈ രണ്ടു കൊലകൾക്ക് പുറമെ, നൂറിലധികം യുവതികളുടെ മൃതദേഹങ്ങളുമായി മോർച്ചറിയിൽ വെച്ച്‌ താൻ ലൈംഗിക വേഴ്ചയിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഇയാൾ തുറന്നു പറഞ്ഞു. യുകെയിലെ കിഴക്കൻ സസെക്‌സിൽ താമസിക്കുന്ന ഡേവിഡ് ഫുള്ളർ എന്ന അറുപത്തേഴുകാരനാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. ആശുപത്രികളിൽ ജോലിയെടുത്തിരുന്ന കാലത്ത് മോർച്ചറികളിൽ കൊണ്ടുവന്ന നൂറിലധികം യുവതികളുടെ മൃതദേഹങ്ങളുമായി താൻ ലൈംഗികമായി ബന്ധപ്പെട്ടു എന്നാണ് ഫുള്ളർ വ്യക്തമാക്കിയത്.

ബെഡ്സിറ്റ് മർഡർസ് എന്ന പേരിൽ കുപ്രസിദ്ധിയാർജ്ജിച്ച രണ്ടു യുവതികളുടെ കൊലപാതകങ്ങൾ ഡിഎൻഎ പരിശോധനകളിലൂടെ തെളിഞ്ഞതോടെ കുറ്റാരോപിതനായ ഫുള്ളർ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുകയായിരുന്നു. ഇയാളുടെ ഉമിനീരിന്റെയും, ശുക്ളത്തിന്റെയും സാന്നിധ്യം കൊലചെയ്യപ്പെട്ട മിസ്. നെല്ലിന്റെ കിടക്കയിൽ നിന്നും മറ്റും കണ്ടെടുക്കപ്പെട്ടിരുന്നു. കൊല ചെയ്യപ്പെട്ട രണ്ടാമത്തെ യുവതിയായ മിസ്. പിയേഴ്സിന്റെ ജീൻസിലും ഇയാളുടെ ഡിഎൻഎയുടെ സാന്നിധ്യം തെളിയിക്കപ്പെട്ടു. ഈ കണ്ടെത്തലുകളെ തുടർന്ന് ഫുള്ളർ അറസ്റ്റു ചെയ്യപ്പെടുകയായിരുന്നു.

ഇതിന് പിന്നാലെ ഫുള്ളറുടെ അപ്പാർട്ട്മെന്റിൽ പോലീസ് നടത്തിയ പരിശോധനയിൽ കുട്ടികളുടെയും സ്ത്രീകളുടെയും അശ്‌ളീല ചിത്രങ്ങളുടെയും വിഡിയോകളുടെയും വലിയ ശേഖരം കണ്ടെടുത്തു.വീട്ടിലെ രഹസ്യ അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന രണ്ടു ഹാർഡ് ഡ്രൈവുകളിൽ താൻ ശവഭോഗം നടത്തുന്നതിന്റെ ദൃശ്യങ്ങൾ ഫുള്ളർ തന്നെ വിഡിയോഗ്രാഫ് ചെയ്ത് വെച്ചിരുന്നു. പോലീസ് തെളിവുകൾ കണ്ടെടുത്തതോടെ ഇയാൾ കുറ്റം സമ്മതിച്ചു.

ലൈംഗിക വേഴ്ചയിൽ ഏർപ്പെട്ട മൃതദേഹങ്ങൾ ഓരോന്നിന്റെയും പേരിൽ ഓരോ ഫോൾഡറുകൾ ഉണ്ടാക്കി ആയിരുന്നു ഹാർഡ് ഡ്രൈവുകളിൽ ഇയാൾ വീഡിയോകൾ ശേഖരിച്ചു വെച്ചിരുന്നത്. 2008 മുതൽ 2020 വരെയുള്ള മൃതദേഹ രതിയിൽ മൂന്നു കുട്ടികളുടെ മൃതദേഹങ്ങളെയും ഇയാൾ ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടുള്ളതായി പോലീസ് കണ്ടെത്തി. ഫുള്ളർ ലൈംഗിക വീഴ്ചയ്ക്ക് ഇരയാക്കിയ ഇരുപതോളം പെൺകുട്ടികളുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ പൊലീസിന് ഇതുവരെയും സാധിച്ചിട്ടില്ല.

കെന്റിലെ പല ആശുപത്രികളിലും ഇയാൾ ഇലക്‌ട്രീഷ്യനായി തൊഴിലെടുത്തിട്ടുണ്ട്. സ്ഥിരമായി രാത്രി ഷിഫ്റ്റുകൾ ചോദിച്ചുവാങ്ങിയിരുന്ന ഫുള്ളർ, മറ്റുള്ള സ്റ്റാഫ് എല്ലാം ഉറക്കം പിടിച്ച ശേഷം മോർച്ചറിയിൽ കടന്ന് മൃതദേഹങ്ങളുമായി ലൈംഗിക വേഴ്ചയിൽ ഏർപ്പെടുകയായിരുന്നു. ഒരേ മൃതദേഹങ്ങളെ തന്നെ ഇയാൾ ഒന്നിലധികം തവണ ദുരുപയോഗം ചെയ്തിരുന്നു എന്നും പോലീസ് വ്യക്തമാക്കുന്നു. ഫുള്ളർക്കെതിരായ കേസുകളുടെ വിചാരണ കോടതിയിൽ പുരോഗമിക്കുകയാണ്.