വാഷിങ്ടണ്‍: ദീപാവലിയെ ദേശീയ അവധിയായി പ്രഖ്യാപിക്കാന്‍ അമേരിക്കയിലും നീക്കം. അമേരിക്കന്‍ പാര്‍ലമെന്റില്‍ ഇത് സംബന്ധിച്ച് ബില്‍ അവതരിപ്പിച്ചു.

ഡെമോക്രാറ്റ് അംഗം കാര്‍ലോണ്‍ ബി മലോനിയാണ് ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം പ്രഖ്യാപനം നടത്തിയത്. ദീപാവലി ഡേ ആക്ടിന് നിരവധി അംഗങ്ങളുടെ പിന്തുണയുമുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഇന്ത്യന്‍ വംശജനായ പാര്‍ലമെന്റംഗം രാജ കൃഷ്ണമൂര്‍ത്തിയടക്കമുള്ളവരാണ് ബില്ലിന് പിന്തുണയുമായി രംഗത്ത് എത്തിയിട്ടുള്ളത്. കോവിഡ് മഹാമാരിയുടെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് അക്ഷരാര്‍ത്ഥത്തില്‍ ഉള്ള പ്രയാണമാണ് ഇത്തവണത്തെ ദൂപാവലിയെന്നും മലോനി കൂട്ടിച്ചേര്‍ത്തു.

ജനപ്രതിനിധി സഭയിലാണ് ബില്‍ ഇപ്പോള്‍ അവതരിപ്പിച്ചിട്ടുള്ളത്. ദീപാവലിയെക്കുറിച്ച് രാജകൃഷ്ണമൂര്‍ത്തി ഒരു പ്രമേയവും പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ദീപാവലിയുടെ മതപരവും ചരിത്രപരവുമായ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ദീപാവലിയെ ദേശീയ അവധി ദിനമായി പ്രഖ്യാപിക്കാന്‍ ഇതിനെക്കാള്‍ മികച്ച മറ്റൊരു അവസരമില്ലെന്ന് ബില്‍ അവതരിപ്പിച്ച കാര്‍ലോണ്‍ ബി മലോനി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ സമൂഹത്തോടൊപ്പം ദീപാവലി ആഘോഷിക്കാനായതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു. തിന്മയ്ക്ക് മേല്‍ നന്മ നേടിയ ഈ വിജയത്തെ ഇരുട്ടിന് മേല്‍ പ്രകാശം നിറച്ച് നമുക്ക് ആഘോഷിക്കാമെന്ന് അവര്‍ പറഞ്ഞു.