ബെര്‍ലിന്‍: ആറ് മക്കളില്‍ അഞ്ചുപേരെയും കൊന്ന 28കാരിയായ ജര്‍മ്മന്‍ വനിതയ്ക്ക് ആജീവനാന്ത കഠിന തടവ്. ഈ കൊലപാതകങ്ങള്‍ വലിയ ദുരന്തമാണെന്ന് വിധി പ്രസ്താവിച്ച ജഡ്ജി ചൂണ്ടിക്കാട്ടി.

തടവ് കാലത്ത് പതിനഞ്ച് വര്‍ഷം പൂര്‍ത്തിയായ ശേഷം മാത്രമേ ഇവര്‍ക്ക് പരോളിന് അപേക്ഷ നല്‍കാന്‍ പോലുമാകൂ. കുറ്റകൃത്യത്തിന്റെ ഗൗരവം പരിഗണിച്ചാണ് ഇത്തരമൊരു നടപടി കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.

കുട്ടികളെ മയക്കിക്കിടത്തിയ ശേഷം ഇവരെ ബാത്ത് ടബില്‍ മുക്കി കൊല്ലുകയായിരുന്നു. കഴിഞ്ഞ കൊല്ലം സെപ്റ്റംബറിലാണ് ഇവര്‍ കൊലപാതകങ്ങള്‍ നടത്തിയത്. പതിനെട്ട് മാസം മുതല്‍ എട്ട് വയസുവരെ പ്രായമുള്ള കുഞ്ഞുങ്ങളെയാണ് ഇവര്‍ കൊലപ്പെടുത്തിയത്. കൊലപാതകങ്ങള്‍ നടത്തുമ്പോള്‍ ഇവരുടെ പതിനൊന്നുകാരിയായ മൂത്തമകള്‍ സ്ഥലത്തുണ്ടായിരുന്നില്ല. അത് കൊണ്ട് അവള്‍ രക്ഷപ്പെട്ടു.

വിചാരണ വേളയില്‍ ഇവര്‍ നിശബ്ദത പാലിച്ചു. കൊലപാതകങ്ങള്‍ക്ക് ശേഷം ഇവര്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇവരുടെ ഭര്‍ത്താവിന്റെ പുതിയ പങ്കാളിയുമൊത്തുള്ള ചിത്രം കണ്ടതാണ് ഇവരെ കൊലപാതകങ്ങളിലേക്ക് നയിച്ചത്. ഇനി കുഞ്ഞുങ്ങളെ കാണില്ലെന്ന് ഇവര്‍ ഭര്‍ത്താവിന് സന്ദേശമയച്ചിരുന്നു.

എന്നാല്‍ സംഭവത്തില്‍ ഇവര്‍ക്കെതിരെ മതിയായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ ഇവരെ കുറ്റവിമുക്തരാക്കണമെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം. കുറ്റവിമുക്തയാക്കാത്ത പക്ഷം ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി എട്ട് വര്‍ഷം തടവിന് ശിക്ഷിക്കണമെന്നും മതിയായ മാനസിക രോഗ ചികിത്സ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാല്‍ ഇവര്‍ക്ക് ഗുരുതര മാനസിക പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി കണ്ടെത്തി. ഇവര്‍ക്കൊരു നാര്‍സിസ്റ്റ് വ്യക്തിത്വം ഉണ്ടെന്ന് മാത്രമാണ് സമിതി വിലയിരുത്തിയത്.

കൊലപാതകങ്ങള്‍ രാജ്യത്തെ മൊത്തം ഞെട്ടിച്ചിരുന്നു. കൊല്ലപ്പെട്ട കുഞ്ഞുങ്ങള്‍ക്കായി സൊളിഗെന്‍ നഗരത്തില്‍ ദുഃഖാചരണവും നടത്തിയിരുന്നു.