ലാഹോര്‍: നിരോധിത ഭീകരസംഘടനയുടെ നൂറ് കണക്കിന് പ്രവര്‍ത്തകരെ തടവില്‍ നിന്ന് വിട്ടയക്കാനൊരുങ്ങി പാകിസ്ഥാന്‍. തെഹരിക് ഇ ലബ്ബായിക് പാകിസ്ഥാന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകരെ വിട്ടയക്കാനാണ് ഇമ്രാന്‍ഖാന#് സര്‍ക്കാരിന്റെ തീരുമാനം. ഇത് സംബന്ധിച്ച് തെഹരിക് ഇ ലബ്ബായിക്കുമായി ഇവര്‍ ധാരണയിലെത്തിക്കഴിഞ്ഞു.

ഏഴ് പൊലീസുകരടക്കം നിരവധി പേരുടെ മരണത്തിനിടയാക്കിയ പോരാട്ടങ്ങളാണ് ഇത്തരമൊരു ധാരണയിലെത്താന്‍ പാകിസ്ഥാനെ പ്രേരിപ്പിച്ചത്. മാസങ്ങളായി ഈ ഭീകരസംഘടന പാകിസ്ഥാനില്‍ ശക്തമായ കലാപങ്ങള്‍ അഴിച്ച് വിട്ടിരിക്കുകയാണ്. സംഘടനാ തലവന്‍ സാദ് റിസ്വിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ കലാപം ആരംഭിച്ചത്. ഏപ്രിലിലാണ് ഇയാളെ പാകിസ്ഥാന്‍ അറസ്റ്റ് ചെയ്തത്.

860 ടിഎല്‍പി പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു. ഇവര്‍ക്കെതിരെ യാതൊരു കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുമില്ല. കഴിഞ്ഞാഴ്ച ആയിരക്കണക്കിന് ടിഎല്‍പി പ്രവര്‍ത്തകര്‍ ലാഹോറില്‍ നിന്ന് തലസ്ഥാനമായ ഇസ്ലാമാബാദിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. വാസിറബാദിലെ പാര്‍ക്കുകളില്‍ ഇവര്‍ കുത്തിയിരിപ്പ് സമരം നടത്തുന്നുണ്ട്. തങ്ങളുമായുണ്ടാക്കിയ ധാരണയുടെ പകുതിയെങ്കിലും പാക് സര്‍ക്കാര്‍ പാലിക്കും വരെ പ്രക്ഷോഭം തുടരുമെന്ന് ഇവര്‍ അറിയിച്ചിട്ടുണ്ട്.

ഇനിയും ആരെയെങ്കിലും അറസ്റ്റ് ചെയ്താല്‍ കരാര്‍ തങ്ങള്‍ റദ്ദാക്കുമെന്നാണ് ടിഎല്‍പി പ്രവര്‍ത്തകരുടെ നിലപാട്. അതേസമയം ഇവരും സര്‍ക്കാരും തമ്മിലുണ്ടാക്കിയ ധാരണയുടെ വിശദവിവരങ്ങള്‍ ഇനിയും പുറത്ത് വന്നിട്ടില്ല.