അബുദാബി:
ടി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യക്ക് മികച്ച സ്‌കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന ഇന്ത്യ നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 210 റൺസെടുത്തു. ഓപണർമാരായ കെ എൽ രാഹുലിന്റെയും രോഹിത് ശർമയുടെയും പ്രകടനമാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് എത്തിച്ചത്. ഇരുവരും അർധ സെഞ്ച്വറികൾ പൂർത്തിയാക്കി
ടോസിന്റെ ഭാഗ്യം ഒരിക്കൽ കൂടി വിരാട് കോഹ്ലിയെ കൈവിടുന്നതായിരുന്നു അബൂദാബി സ്റ്റേഡിയത്തിൽ കണ്ടത്. എന്നാൽ അഫ്ഗാൻ നായകൻ വിചാരിച്ചതിന് വിപരീതമായിട്ടായിരുന്നു ഇന്ത്യൻ സമീപനം. ഇന്ത്യയുടെ ഓപണർമാർ ആദ്യ വിക്കറ്റിൽ അടിച്ചുകൂട്ടിയത് 14.4 ഓവറിൽ 140 റൺസാണ്. 47 പന്തിൽ മൂന്ന് സിക്‌സും എട്ട് ഫോറും സഹിതം 74 റൺസെടുത്ത രോഹിത് ശർമയാണ് ആദ്യം പുറത്തായത്.
സ്‌കോർ 147ൽ നിൽക്കെ കെ എൽ രാഹുലും വീണു. 48 പന്തിൽ രണ്ട് സിക്‌സും ആറ് ഫോറും സഹിതം 69 റൺസായിരുന്നു രാഹുലിന്റെ സമ്പാദ്യം. റിഷഭ് പന്തിനും ഹാർദിക് പാണ്ഡ്യക്കും സ്ഥാനക്കയറ്റം നൽകിയായിരുന്നു പിന്നീടുള്ള ഇന്ത്യൻ പരീക്ഷണം. ഇരുവരും ചേർന്ന് ഇന്ത്യൻ സ്‌കോറിംഗിന് വേഗത നൽകുകയും ചെയ്തു. 
ഹാർദിക് പാണ്ഡ്യ 13 പന്തിൽ രണ്ട് സിക്‌സും നാല് ഫോറും സഹിതം 35 റൺസുമായും റിഷഭ് പന്ത് 13 പന്തിൽ മൂന്ന് സിക്‌സും ഒരു ഫോറും സഹിതം 27 റൺസുമായും പുറത്താകാതെ നിന്നു. അഫ്ഗാന് വേണ്ടി ഗുലബ്ദിൻ നയീബും കരീം ജനതും ഓരോ വിക്കറ്റുകൾ സ്വന്തമാക്കി. ടൂർണമെന്റിലെ ഏറ്റവും ഉയർന്ന സ്‌കോറും ഇന്ത്യയുടേതാണ്. 
ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാൻ അഞ്ച് ഓവർ പൂർത്തിയായപ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 38 റൺസ് നേടി.