ടൊറന്റോ: സമ്പൂർണ്ണ വാക്‌സിനേഷൻ നടത്താത്ത എണ്ണൂറോളം ജീവനക്കാരെ എയർ കാനഡ പിരിച്ച് വിട്ടു. കമ്പനിയിലെ 27,000ത്തോളം വരുന്ന വിമാന ജീവനക്കാരിൽ എല്ലാവരും തന്നെ സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച്‌ കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചവരാണെന്ന് ചീഫ് എക്‌സിക്യൂട്ടീവ് മൈക്കൽ റൂസോ ചൊവ്വാഴ്ച പറഞ്ഞു. നിർദ്ദേശങ്ങൾ ലംഘിച്ച്‌ വാക്‌സിനേഷൻ നടത്താൻ തയ്യാറാകാതിരുന്ന ജീവനക്കാരെയാണ് പിരിച്ച് വിട്ടിരിക്കുന്നത്.

മെഡിക്കൽ സംബന്ധമായ ഇളവുകളോ അതല്ലെങ്കിൽ മറ്റെന്തെങ്കിലും വ്യക്തമായ കാരണങ്ങളോ ഇല്ലാതെ വാക്‌സിനേഷൻ സ്വീകരിക്കാതിരുന്നവരെയാണ് പിരിച്ചു വിട്ടിരിക്കുന്നത്. വാക്‌സിൻ സ്വീകരിക്കാത്ത എണ്ണൂറോളം വരുന്ന ജീവനക്കാരെ ഇപ്പോൾ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും വാക്‌സിൻ സ്വീകരിക്കുകയാണെങ്കിൽ ഇവരെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കാൻ കമ്പനി തയ്യാറാണെന്നും മൈക്കൽ റൂസോ പറഞ്ഞു.

സസ്‌പെൻഷനിലുള്ള സമയത്ത് ജീവനക്കാർക്ക് ശമ്പളം അനുവദിക്കില്ല. കമ്പനിയിലെ ഏതെങ്കിലും പ്രത്യേക വിഭാഗത്തെ മാത്രമായിട്ടല്ല പിരിച്ചുവിട്ടതെന്നും വാക്‌സിനേഷൻ നടത്താത്ത മുഴുവൻ സജീവനക്കാർക്കും ഈ നടപടി ബാധകമായിരുന്നുവെന്നും കമ്പനി വക്താവ് പീറ്റർ ഫിറ്റ്‌സ്പാട്രിക് പ്രതികരിച്ചു.

ഒക്ടോബർ 30 മുതൽ വ്യോമ, റെയിൽ, കപ്പൽ കമ്പനികൾ തങ്ങളുടെ ജീവനക്കാർക്ക് നിർബന്ധിത വാക്‌സിനേഷൻ നയങ്ങൾ ഏർപ്പെടുത്തണമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നിർദ്ദേശിച്ചിരുന്നു.

കോവിഡ് മഹാമാരിക്ക്മുൻപുള്ളതിനെക്കാൾ വളരെ നഷ്ടത്തിലാണ് എയർ കാനഡ ഇപ്പോൾ പ്രവർത്തിക്കുന്നത്. അതേസമയം 2020 നെ അപേക്ഷിച്ച്‌ വരുമാനത്തിൽ വർധനവുണ്ടായിരിക്കുന്നത് കമ്പനിക്ക് പ്രതീക്ഷ നൽകിയിട്ടുണ്ട്. ആഭ്യന്തര വിനോദ ബുക്കിംഗുകൾ വീണ്ടും ഉയർന്നതോടെ നേരത്തെ പ്രതിസന്ധി ഘട്ടത്തിൽ പിരിച്ചുവിട്ട 6500 ഓളം ജീവനക്കാരെ തിരികെ വിളിച്ചിരുന്നു.