വാഷിങ്ടൺ: ഫൈസർ ബയോൺടെക്കിൻറെ കുട്ടികൾക്കായുള്ള കോവിഡ് പ്രതിരോധ വാക്സിന് അമേരിക്ക അനുമതി നൽകി. അഞ്ച് മുതൽ 11 വയസുവരെയുള്ള കുട്ടികൾക്കാണ് വാക്സിൻ നൽകുക.

ഫൈസർ വാക്സിന് സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻറ് പ്രിവൻഷൻ അതോറിറ്റി (സി.ഡി.സി) അംഗീകാരം നൽകിയത് കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ പ്രധാന വഴിത്തിരിവാണെന്ന് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ പ്രതികരിച്ചു. ഈ തീരുമാനം രക്ഷിതാക്കൾക്ക് കുട്ടികളെ കുറിച്ചുള്ള ആശങ്കകൾ ഒഴിവാക്കാൻ സഹായിക്കുമെന്നും ഇത് കോവിഡ്19ന് എതിരെയുള്ള രാജ്യത്തിൻറെ പ്രധാന ചുവടുവെപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുട്ടികളിൽ നവംബർ എട്ടിന് തന്നെ പൂർണ തോതിൽ വാക്സിനേഷൻ ആരംഭിക്കുമെന്നും ഇതിനായി വാക്സിനുകളുടെ വിതരണം ആരംഭിച്ചെന്നും സി.ഡി.സി പറഞ്ഞു. കുട്ടികളുടെ ആരോഗ്യ പരിപാലന കേന്ദ്രങ്ങൾ, ഫാർമസികൾ, അംഗീകാരം നേടിയ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വാക്സിനുകൾ ലഭ്യമാക്കുമെന്നും സി.ഡി.സി അധികൃതർ വ്യക്തമാക്കി.

രാജ്യം കോവിഡ് 19നെതിരെ മറ്റൊരു സുപ്രധാന ചുവടുവെയ്പ്പ് നടത്തുകയാണെന്ന് സി.ഡി.സി മേധാവി റോഷെൽ വാലെൻസി അഭിപ്രായപ്പെട്ടു. കുട്ടികൾ വാക്സിൻ എടുക്കേണ്ടതിൻറെ ആവശ്യകതയെ കുറിച്ച്‌ ശിശുരോഗ വിദഗ്ധരോടും സ്കൂൾ നഴ്സുമാരോടും ഫാർമസിസ്റ്റുമാരോടും ചോദ്യങ്ങൾ ചോദിക്കാനും സംസാരിക്കാനും രക്ഷിതാക്കളെ പ്രോത്സാഹിപ്പിക്കുകയാണെന്നും റോഷെൽ വാലെൻസി പറഞ്ഞു.

ക്ലിനിക്കൽ പരിശോധനകളിൽ വാക്സിൻ 91ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. വാക്സിന് പാർശ്വഫലങ്ങൾ കുറവായിരിക്കുമെന്നും സി.ഡി.സി അറിയിച്ചു.

മുതിർന്നവരിൽ പ്രയോഗിച്ച ഫൈസർ വാക്സിൻറെ മൂന്നിലൊന്ന് ഡോസേജ് മാത്രമാണ് കുട്ടികളിൽ പ്രയോഗിക്കുക. മൂന്ന് ആഴ്ചയുടെ ഇടവേളയിലായിരിക്കും വാക്സിൻ പൂർണമായും നൽകുകയെന്നും അമേരിക്കൻ ഫുഡ് ആൻറ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു.