സ്‌കോട്ലൻഡ് : കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ലോകത്തുണ്ടാകുന്ന വിപത്തുകൾ വിശകലനം ചെയ്യാനും അടിയന്തര നടപടികൾ സ്വീകരിക്കാനും ലക്ഷ്യംവെച്ച്‌ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ നടക്കുന്ന കോപ് 26 ഉച്ചകോടിയ്ക്കിടെ വൈറലായി യു എസ് പ്രസിഡന്റ് ജോ ബൈഡന്റെ ഉറക്കം.

പ്രസംഗത്തിനിടെ കസേരയിൽ ബൈഡൻ കണ്ണടച്ചിരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.

കേൾവിക്കാരനായി കസേരയിൽ ബൈഡൻ ഇരിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. പ്രസംഗം തുടങ്ങുന്നതോടെ ബൈഡൻ ഉറങ്ങുകയായിരുന്നു. സെകൻഡുകൾക്കുള്ളിൽ സഹായി ബൈഡനെ സമീപിക്കുന്നതും ഇതോടെ ബൈഡൻ കണ്ണുതുറന്ന് പ്രസംഗം വീക്ഷിക്കുന്നതും വീഡിയോയിൽ കാണാം. പ്രസംഗം അവസാനിക്കുമ്പോൾ കയ്യടിക്കുന്നതും വീഡിയോയിലുണ്ട്.

വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടറാണ് ആദ്യം വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. പിന്നീട് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു.

യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് ജോ ബൈഡന് ഈ മാസം 79 തികയും. അതേസമയം മാനസികമായും ശാരീരികമായും യു എസ് പ്രസിഡന്റ് സ്ഥാനത്തിന് ബൈഡൻ ഫിറ്റല്ലെന്നായിരുന്നു വിമർശകരുടെ പ്രതികരണം.

കാർബൺ ബഹിർഗമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ നിർണായക നിലപാട് സ്വീകരിക്കാതെ ജി 20 ഉച്ചകോടി അവസാനിച്ചതിന് പിന്നാലെയാണ് സ്‌കോട് ലൻഡ് നഗരമായ ഗ്ലാസ്ഗൗവിൽ കോപ് 26ന് വേദിയാകുന്നത്. ഉച്ചകോടിയിൽ 120 ഓളം രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.