ന്യൂയോര്‍ക്ക്: കോവിഡ് 19നെതിരെയുള്ള .യൂണിസെഫിന്റെ പ്രചാരണത്തിന് മുന്‍ ലോകസുന്ദരി മാനുഷി ചില്ലാറും. മാനുഷി ചില്ലാറുള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത പ്രചാരണ വീഡിയോ യൂണിസെഫ് ഇന്ത്യ പുറത്ത് വിട്ടു. സാമൂഹ്യ അകലം പാലിക്കണമെന്നും വീട്ടില്‍ തന്നെ ഇരിക്കണമെന്നും മാനുഷി ലോകത്തോട് അഭ്യര്‍ത്ഥിക്കുന്നത് വീഡിയോയില്‍ കാണാം.

തന്റെ രാജ്യത്തെ സ്‌നേഹിക്കുന്ന ഒരു പൗരന്‍ എന്ന നിലയില്‍ ഇവിടുത്തെ ഓരോരുത്തരുടെയും ആരോഗ്യത്തില്‍ വേണ്ട ബോധവത്ക്കരണം നടത്തേണ്ടത് തന്റെ കടമയാണെന്ന് മാനുഷി പറഞ്ഞു. ഇതൊരു ഗുരുതര പ്രതിസന്ധിയാണെന്നും നമ്മെ എല്ലാവരെയും ഇത് ബാധിച്ചുവെന്നും മാനുഷി പറഞ്ഞു.

യൂണിസെഫിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചത് തനിക്ക് ലഭിച്ച വലിയ ബഹുമതിയാണെന്ന് അവര്‍ പ്രതികരിച്ചു. ഇത് വളരെ പ്രാധാന്യമുള്ള ഒരു പ്രചാരണമാണെന്നും മാനുഷി പറഞ്ഞു. എല്ലാവരും സുരക്ഷിതാരാകാന്‍ വേണ്ടി താനും വീട്ടില്‍ തന്നെ ഇരിക്കുകയാണ്. വീട്ടില്‍ നിന്ന് പുറത്തിറങ്ങേണ്ട സാഹചര്യമുണ്ടായാല്‍ എന്തൊക്കെ ചെയ്യണം, ചെയ്യരുത് എന്നതും താരം പറയുന്നുണ്ട്.