ന്യൂഡല്‍ഹി: ഇന്ത്യയുടെ കോവിഡ് 19 വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അഞ്ച് രാജ്യങ്ങള്‍ കൂടി അംഗീകാരം നല്‍കി. എസ്റ്റോണിയ, കിര്‍ഗിസ്ഥാന്‍, പലസ്തീന്‍, മൗറീഷ്യസ്, മംഗോളിയ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരം നല്‍കിയതെന്ന് പശ്ചിമേഷ്യന്‍ വക്താവ് അരിന്ദാം ബാഗ്ചി ട്വിറ്ററിലൂടെ അറിയിച്ചു.

കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയുടെ മെഡിസിന്‍ ആന്‍ഡ് മെഡിക്കല്‍ ഡിവൈസസ് റെഗുലേറ്റര്‍ ഇന്ത്യയുടെ കോവാക്‌സിന് അനുമതി നല്‍കിയിരുന്നു. കൊറോണയ്‌ക്കെതിരെയുള്ള ഈ വാക്‌സിന്‍ എടുത്തവര്‍ക്ക് രാജ്യത്ത് പ്രവേശിക്കാന്‍ അനുമതി നല്‍കി. 20 മാസത്തിനിടെ ആദ്യമായാണ് രാജ്യത്തിന്റെ അതിര്‍ത്തി ആസ്‌ട്രേലിയ തുറന്ന് നല്‍കുന്നത്.

നേരത്തെ ഇവര്‍ കോവിഷീല്‍ഡും അംഗീകരിച്ചിരുന്നു. ഇന്ത്യയുടെ കോവാക്‌സിനൊപ്പം ചൈനയുടെ സിനോഫാം നിര്‍മ്മിച്ച ബിബിഐബിപി കോര്‍വാക്‌സിനും ആസ്‌ട്രേലിയ അംഗീകാരം നല്‍കിയിട്ടുണ്ട്.

മൗറീഷ്യസ്, ഫിലിപ്പൈന്‍സ്, നേപ്പാള്‍, മെക്‌സിക്കോ, ഇറാന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്കും കോവാക്‌സിന്റെ രണ്ട് ഡോസും എടുത്ത ഇന്ത്യാക്കാര്‍ക്ക് നേരത്തെ തന്നെ യാത്ര ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു. ഗ്രീസ്, എസ്‌തോണിയ, സിംബാബ്വേ തുടങ്ങിയ രാജ്യങ്ങളും കോവാക്‌സിനെ അംഗീകരിച്ചിട്ടുണ്ട്.