ജക്കാര്‍ത്ത: ഡെങ്കിവൈറസിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള കൊതുകുകളുമായി ഗവേഷകര്‍. ഇവര്‍ വികസിപ്പിച്ചെടുത്ത കൊതുകുകള്‍ വോള്‍ബാച്ചിയ എന്ന ബാക്ടീരിയയെ വഹിക്കുന്നുണ്ട്. ഇവയ്ക്ക് ഡെങ്കിയെ പ്രതിരോധിക്കാന്‍ ശേഷിയുണ്ട്.

വോള്‍ബാച്ചിയ ബാക്ടീരിയ അടങ്ങിയിട്ടുള്ള കൊതുകുകളെ വിന്യസിച്ച ഇടങ്ങളില്‍ ഡെങ്കിയുടെ സാന്നിധ്യം 77ശതമാനം വരെ കുറയ്ക്കാനായെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. ഇന്തോനേഷ്യന്‍ ഗവേഷകരാണ് പുതിയ കൊതുകുകളെ വികസിപ്പിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച പരീക്ഷണ ഫലങ്ങള്‍ ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോക മോസ്‌ക്വിറ്റോ പ്രോഗ്രാമുമായി സഹകരിച്ചാണ് ഇന്തോനേഷ്യന്‍ ഗവേഷകര്‍ ഇവയെ വികസിപ്പിച്ചിട്ടുള്ളത്. കൊതുകുകള്‍ മനുഷ്യരെ കടിച്ചാലും ഇവയില്‍ നിന്ന് ഡെങ്കി പകരില്ലെന്ന് പഠനസംഘത്തിലുണ്ടായിരുന്ന പുര്‍വാന്തി പറഞ്ഞു.

2017 മുതല്‍ ഇത്തരമൊരു പഠനം നടന്ന് വരികയാണ്. ഓസ്‌ട്രേലിയയിലെ മൊണാഷ് സര്‍വകലാശാലയും ഇന്തോനേഷ്യയിലെ ഗദ്ജമാത സര്‍വകലാശാലയും ചേര്‍ന്നാണ് പഠനം നടത്തിയത്. ലാബില്‍ നിര്‍മ്മിച്ച ഈ കൊതുകുകളെ ഡെങ്കിപ്പനി പടര്‍ന്ന ചിലയിടങ്ങളിലേക്ക് വിട്ടു. ജക്കാര്‍ത്തയിലെ ചില സ്ഥലങ്ങളിലാണ് ഇവയെ വിന്യസിച്ചത്. ഇവിടെ ഡെങ്കി കേസുകള്‍ 77 ശതമാനം വരെ കുറഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ആശുപത്രിയില്‍ എത്തിയവരുടൈ എണ്ണത്തില്‍ 86ശതമാനം വരെയാണ് കുറവുണ്ടായത്.

പുതിയ സാങ്കേതികതയില്‍ തങ്ങള്‍ ഏറെ ആത്മവിശ്വാസമുള്ളവരാണെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കിയ അദി ഉത്രയിനി പറഞ്ഞു. ഇദ്ദേഹം 2011 മുതല്‍ ഇന്തോനേഷ്യയുടെ ഡെങ്കി നിര്‍മ്മമാര്‍ജ്ജന യജ്ഞത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തി കൂടിയാണ്.

ഈ അടുത്ത പതിറ്റാണ്ടുകളില്‍ ഡെങ്കിവ്യാപനം വര്‍ദ്ധിച്ചിരിക്കുകയാണെന്നാണ് ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട്. ലോക ജനതയുടെ പകുതിയും ഈ വെല്ലുവിളി അഭിമുഖീകരിക്കുന്നുണ്ട്. പ്രതിവര്‍ഷം പത്ത് കോടി മുതല്‍ നാല്‍പ്പത് കോടിവരെ ജനങ്ങള്‍ക്ക് ഡെങ്കി ബാധിക്കുന്നുണ്ട്.

തന്റെ മൂന്ന് മക്കളെയും ഡെങ്കി ബാധിച്ചതും ആശുപത്രിയിലാക്കിയതും എപ്പോഴും തന്റെ മനസിലുണ്ടെന്നാണ് ലോക കൊതുകു നിര്‍മാര്‍ജ്ജന യജ്ഞത്തില്‍ പ്രവര്‍ത്തിക്കുന്ന ശ്രീപുര്‍വാനിംഗ്‌സിഹ് പ്രതികരിച്ചത്. ഇതാണ് ഗ്രാമങ്ങള്‍ ആരോഗ്യവും ശുചിത്വവും ഉള്ളതാകണമെന്ന ചിന്തയിലേക്ക് തന്നെ നയിച്ചതെന്നും 62കാരനായ അദ്ദേഹം പറഞ്ഞു. ലോകകൊതുകു നിര്‍മാര്‍ജ്ജന യജ്ഞത്തില്‍ അദ്ദേഹത്തിന്റെ കുടുംബം മുഴുവന്‍ പങ്കാളികളാണ്.