കാബൂള്‍. വിവാഹ വീട്ടില്‍ സംഗീത പരിപാടി നടത്തിയ പതിമൂന്ന് പേരെ താലിബാന്‍ വധിച്ചതായി റിപ്പോര്‍ട്ട്. നന്‍ഗാര്‍ഹര്‍ പ്രവിശ്യയിലാണ് സംഭവം. മുന്‍ വൈസ്പ്രസിഡന്റ് അമറുള്ള സാലെയാണ് ഇക്കാര്യം അറിയിച്ചത്.

സംഭവത്തെ അപലപിച്ചത് കൊണ്ട് കാര്യമില്ലെന്നും ദേശവ്യാപക പ്രതിരോധമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാന്‍ ഇസ്ലാമിക് റിപ്പബ്ലികിന്റെ നിലവിലെ പ്രസിഡന്റിനെ പിടികൂടി തുറുങ്കില്‍ അടയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

25 വര്‍ഷം കൊണ്ട് അഫ്ഗാന്‍ സംസ്‌കാരത്തെ എങ്ങനെ തച്ചുടയ്ക്കണമെന്ന് പാകിസ്ഥാന്‍ അവരെ പഠിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. മതഭ്രാന്ത് കൊണ്ട് ഞങ്ങളുടെ മണ്ണ് എങ്ങനെ നിയന്ത്രിക്കാമെന്നും അവര്‍ പഠിപ്പിച്ചു. ഇവര്‍ ഇപ്പോള്‍ അത് നടപ്പാക്കുകയാണ്. ഈ അരാജക വാഴ്ച ഏറെ നാള്‍ തുടരില്ല. എന്നാല്‍ അത് നശിക്കും വരെ ഈ രാജ്യത്തിന് ഏറെ നഷ്ടങ്ങള്‍ ഉണ്ടാകുമെന്നും അമറുള്ള സാലെ ട്വീറ്റ് ചെയ്തു.