ബെർലിൻ: കട്ടിലിൽ മൂത്രമൊഴിച്ചതിനു അഞ്ച് വയസ്സുകാരിയായ യസീദി പെൺകുട്ടിയെ കൊടുംവെയിലിൽ ചങ്ങലക്കിട്ട് വെള്ളം പോലും നൽകാതെ കൊന്നുകളഞ്ഞ കേസിൽ ഐസിസുകാരിയായ ജർമൻ വനിതയ്ക്ക് 10 വർഷം ജയിൽശിക്ഷ.

2015-ൽ ഇറാഖിലെ ഫലൂജയിൽനടന്ന സംഭവത്തിലാണ്, ജർമൻകാരിയായ ജെനിഫർ വെനീഷിനെ ജർമൻ കോടതി ഇപ്പോൾ തടവുശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. ഇവരുടെ ഭർത്താവും ഐസിസ് ഭീകരനുമായ താഹിർ അൽ ജുമൈലി എന്ന സിറിയൻ പൗരനാണ് കുട്ടിയെ ചങ്ങലക്കിട്ട് കൊന്ന സംഭവത്തിലെ മുഖ്യപ്രതി. ഇയാൾക്കെതിരായ വിചാരണ അടുത്ത മാസം ഇതേ കോടതിയിൽ നടക്കും.

ജർമൻകാരിയായ ജെനിഫർ വെനീഷ് സിറിയയിൽ ചെന്ന് ഐസിസിന്റെ ഭാഗമായി മാറുകയായിരുന്നു. ഐസിസുകാരനായ ഒരാളെ വിവാഹം കഴിച്ച ശേഷം ഇവർ ഐസിസ് ഭരണകാലത്ത് ഇറാഖിലെ ഫലൂജയിലേക്ക് താമസം മാറ്റി. അവിടെ താമസിക്കുന്നതിനിടെയാണ് ഇവർ അഞ്ചു വയസ്സുള്ള യസീദി പെൺകുട്ടിയെ അടിമയായി വിലയ്ക്കു വാങ്ങിയത്. ഇസ്‌ലാമിക നിയമങ്ങൾ കർശനമായി നടപ്പാക്കാൻ ചുമതലപ്പെട്ട ഐസിസ് സംഘത്തിലെ അംഗമായിരുന്നു ജെനിഫർ.

ഇറാഖിൽ ഐസിസ് ഭരണത്തിലിരിക്കെയാണ് സംഭവം. ഇറാഖിൽ താമസിക്കുന്ന കുർദിഷ് വംശജരാണ് യസീദികൾ. കാലങ്ങളായി പല തരം വിവേചനവും ക്രൂരതകളും അനുഭവിക്കുന്ന യസീദികളെ ഐസിസുകാർ അടിമകളാക്കിയിരുന്നു. ഐസിസുകാർ ആക്രമിച്ച്‌ കീഴടക്കിയ യസീദി പ്രദേശത്തുനിന്നും പിടിച്ചെടുത്ത് ഇവർ അടിമയായി വാങ്ങിയ പിഞ്ചുകുട്ടിയാണ് കടുത്ത ശിക്ഷയെ തുടർന്ന് മരിച്ചത്.

ഇവരും ഭർത്താവും താമസിക്കുന്ന വീട്ടിനു മുന്നിലാണ് അഞ്ചു വയസ്സുകാരി പിടഞ്ഞുമരിച്ചത്. രാത്രിയിൽ കിടക്കയിൽ മൂത്രമൊഴിച്ചതിനായിരുന്നു ക്രൂരമായ ശിക്ഷ. വീട്ടിനു മുന്നിലെ മരത്തിൽ ചങ്ങലയ്ക്കിട്ട് നിർത്തിയ കുട്ടി പൊരിവെയിലത്ത് കുടിവെള്ളം പോലുമില്ലാതെ പിടഞ്ഞു മരിച്ചുവെന്നാണ് കേസ്. ഇത് വലിയ വിവാദമായതിനെ തുടർന്ന് ടർക്കിയിലേക്ക് രക്ഷപ്പെട്ട ഇവർ അവിടെ അറസ്റ്റിലായി. കുറ്റവാളികളെ കൈമാറുന്ന കരാർ പ്രകാരം ഇവരെയും ഭർത്താവിനെയും പിന്നീട് ജർമനിക്ക് കൈമാറി. അങ്ങനെയാണ്, കേസിൽ ജർമനി വിചാരണ നടത്തിയത്. ഇവർ അടിമയായി വാങ്ങിയ കുട്ടിയുടെ അമ്മയുടെ മൊഴിയാണ് കേസിൽ നിർണായകമായത്.