വാഷിങ്ടണ്‍: കോവിഡ് വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് ഒരിക്കലും പുറംലോകം അറിയില്ലെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സി. വൈറസ് ലാബില്‍ നിന്ന് പുറത്ത് വന്നതാണോ, മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് എത്തിയതാണോ എന്നത് സംബന്ധിച്ച ഏറ്റവും പുതിയ അവലോകന റിപ്പോര്‍ട്ടിലാണ് അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ഇത് സ്വഭാവികമായി ഉണ്ടാകാനും ലാബില്‍ നിന്ന് പുറത്ത് വരാനും സാധ്യതകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇതില്‍ ഒന്നിലേക്ക് എത്തിച്ചേരാന്‍ ഗവേഷകര്‍ക്ക് സാധിക്കുന്നില്ല. അതേസമയം ഇതൊരു ജൈവായുധമായി ഉപയോഗിക്കുകയായിരുന്നു എന്ന നിഗമനത്തെ ഇവര്‍ പൂര്‍ണമായും തള്ളുന്നുണ്ട്. വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് നേരിട്ടെത്താന്‍ ഈ ത്തവം പ്രചരിപ്പിക്കുന്ന ഗവേഷകര്‍ക്ക് കഴിയുന്നില്ല. തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നു.

മൂന്ന് മാസം നീണ്ട അവലോകനത്തിന് ശേഷം ഓഗസ്റ്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് ഇപ്പോള്‍ അമേരിക്കന്‍ ഭരണകൂടം പുറത്ത് വിട്ടിരിക്കുന്നത്. കൊറോണയുടെ കുറ്റം മുഴുവന്‍ ചൈനയുടെ മേല്‍ ചാര്‍ത്താനുള്ള രാഷ്ട്രീയ നാടകങ്ങള്‍ അരങ്ങേറുന്നതിന് ഒടുവിലാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. റിപ്പോര്‍ട്ടിനെതിരെ ചൈന ഇതിനകം തന്നെ രംഗത്ത് എത്തിയിട്ടുണ്ട്.