മോസ്‌കോ: കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 40,251 കോവിഡ് കേസുകളെന്ന് റിപ്പോര്‍ട്ട്. ഇതോടെ രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികളുടെ എണ്ണം റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്.

രാജ്യത്ത് കോവിഡ് മൂലം 1,160 മരണങ്ങളും 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കൊറോണ രോഗികളുടെ എണ്ണം 84 ലക്ഷം കടന്നു. മരണങ്ങള്‍ 2,37,380 ആയി. യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. നിലവില്‍ 885,587 രോഗികള്‍ ചികിത്സയിലുണ്ട്.

0.47 എന്ന നിരക്കിലാണ് രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം റഷ്യ കണ്ട ഏറ്റവും ഭീതിദമായ ഒരു മാസമാണ് കഴിഞ്ഞ സെപ്റ്റംബര്‍. കഴിഞ്ഞ മാസം മാത്രം ഇവിടെ കോവിഡ് ബാധിച്ച് മരിച്ചത് 44,265 പേരാണെന്ന് ഫെഡറല്‍ സ്റ്റേറ്റ് സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കോവിഡിനതെിരെയുള്ള പോരാട്ടം വലിയ മാറ്റങ്ങള്‍ ഒന്നും കൊണ്ടുവന്നിട്ടില്ല. പുതിയ തരംഗം പ്രതീക്ഷിക്കാമെന്നും അധികൃതര്‍ പറയുന്നു.

ഇതിനിടെ കോവിഡിനെ പ്രതിരോധിക്കാനായി ദേശവ്യാപക അവധി പ്രഖ്യാപിച്ചു. വേതനത്തോട് കൂടിയുള്ള അവധിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്നലെ മുതല്‍ അടുത്തമാസം ഏഴ് വരെയാണ് സമ്പൂര്‍ണ അവധി രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. വന്‍തോതില്‍ രാജ്യത്ത് വാക്‌സിന്‍ ലഭ്യമാണെങ്കിലും ഇപ്പോഴും പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത് 32.5ശതമാനം മാത്രമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.