ബെയ്ജിങ്. ചൈനയിലെ ഷിന്‍ജിയാങ് പ്രവിശ്യ അവയവക്കച്ചവടത്തിന്റെ കേന്ദ്രമായി മാറിയിരിക്കുന്നതായി റിപ്പോര്‍ട്ട്. ഇവിടെയുള്ള ഉയ്ഘുര്‍ എന്ന മുസ്ലീം ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരുടെ അവയവങ്ങളാണ് വന്‍തോതില്‍ വിറ്റഴിക്കപ്പെടുന്നതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

കോടിക്കണക്കിന് അമേരിക്കന്‍ ഡോളറിന്റെ വ്യവസായമാണിതെന്നും ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരെ നിരവധി മനുഷ്യാവകാശ സംഘടനകളും മറ്റും ഇതിനകം തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. നിര്‍ബന്ധിത വന്ധ്യംകരണം, അവയവക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് പതിനഞ്ച് ലക്ഷത്തോളം പേര്‍ ചൈനയില്‍ തടവിലാക്കപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. മുസ്ലീം ജനവിഭാഗത്തെ നിരീക്ഷിക്കാനായി സിസിടിവി ക്യാമറകള്‍ അടക്കം സജ്ജമാക്കിയിട്ടുണ്ട്. ഇവരുടെ മേഖലകളില്‍ നിന്ന് പുറത്ത് പോകുന്നതിനും വിലക്കുണ്ട്.

ഇവരുടെ ആരാധനാലയങ്ങള്‍ മുന്‍കൂര്‍ അറിയിപ്പില്ലാതെ നശിപ്പിക്കപ്പെട്ടു. തടവുകാരെ പലരെയും മര്‍ദ്ദിച്ച് കുറ്റസമ്മതം നടത്തിയതായും ഹെറാണ്‍ഡ് സണ്‍ എന്ന പത്രം റിപ്പോര്‍ട്ട് ചെയ്തു. ജനസംഖ്യ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിഭാഗത്തിലെ സ്്ത്രീകളെ വന്‍തോതില്‍ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുന്നത്.

രാജ്യമെമ്പാടുമുള്ള നിരവധി ഫാക്ടറികളിലേക്കായി 2017നും 2019നുമിടയില്‍ 80,000 മുസ്ലീം ഗോത്രവിഭാഗ ജനങ്ങളെ കയറ്റി അയച്ചു. സ്വന്തം വീടുകളില്‍ നിന്ന് ഏറെ ദുരത്തുള്ള ഫാക്ടറികളിലേക്കാണ് ഇവരെ കൊണ്ടു പോയത്. ജോലി കഴിഞ്ഞുള്ള സമയങ്ങളില്‍ ഇവരെ മന്ദാരിന്‍ ഭാഷ പഠിപ്പിച്ചു. പ്രത്യശാസ്ത്ര പരിശീലനവും അടക്കം നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവരെ മതപരമായ യാതൊരു ചടങ്ങുകളിലും പങ്കെടുക്കാന്‍ അനുവദിച്ചിരുന്നില്ല.

പ്രതിവര്‍ഷം നൂറ് കോടി അമേരിക്കന്‍ ഡോളറിന്റെ അവയവ്യാപാരമാണ് ഇവരിലൂടെ നടക്കുന്നത്. ഇവരുടെ തടവ് കേന്ദ്രങ്ങള്‍ക്ക് അധികം ദൂരയല്ലാത്ത സ്ഥലത്തുള്ള ആശുപത്രികളിലാണ് അവയവ വേട്ട നടക്കുന്നത്. നിര്‍ബന്ധിച്ചാണ് ഇവരെ അവയവ വ്യാപാരത്തിന് എത്തിക്കുന്നത്. ആരോഗ്യമുള്ള ഒരു കരളിന് ഒന്നേകാല്‍ക്കോടി ഇന്ത്യന്‍ രൂപയോളം വില വരും. ദീര്‍ഘകാലത്തേക്ക് വലിയ തോതിലാണ് അവയവക്കൊയ്ത്ത് നടക്കുന്നത്.

ഈ മനുഷ്യാവകാശ ലംഘനത്തിനെതിരെ ബ്രിട്ടന്‍ കനത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യാന്തര ശ്രദ്ധഈ വിഷയത്തിലേക്ക് അവര്‍ ക്ഷണിച്ചിട്ടുമുണ്ട്.