നുകുഅലോഭ: പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ ടോങ്കയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി പോഹിവ ട്യുയിനെടോവ റേഡിയോയിലൂടെയാണ് ജനങ്ങളെ ഇക്കാര്യം അറിയിച്ചത്. ലോകത്ത് കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം ആദ്യമായാണ് ഇവിടെ മഹാമാരി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ന്യൂസിലന്‍ഡില്‍ നിന്നുള്ള ഒരു സഞ്ചാരിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ക്രൈസ്റ്റ് ചര്‍ച്ചില്‍ നിന്നെത്തിയ 215 യാത്രക്കാരില്‍ ഒരാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അടുത്താഴ്ച മുതല്‍ വാരാന്ത്യ ലോക്ഡൗണിന് സജ്ജരായിരിക്കാനും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേ സമയം ഈ വാരാന്ത്യത്തില്‍ ലോക്ഡൗണ്‍ ഉണ്ടാകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് ദിവസമെങ്കിലും എടുത്തേ വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് വ്യാപിക്കൂ എന്നത് കൊണ്ടാണ് ഈയാഴ്ച ലോക്ഡൗണ്‍ വേണ്ടെന്ന് വച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. വൈറസ് ഇയാളില്‍ നിന്ന് വ്യാപിക്കാനുള്ള സമയം ആയിട്ടില്ല. കൂടുതല്‍ പേരിലേക്ക് വൈറസ് വ്യാപിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിക്കാനായി ഈ സമയം ഉപയോഗിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ന്യൂസിലന്‍ഡ് സംഘം പുറപ്പെടും മുമ്പ് എല്ലാവരും നെഗറ്റീവ് പരിശോധനാ ഫലമാണ് കാട്ടിയത്. ഇവരെല്ലാവരും തന്നെ ഫൈസര്‍ വാക്‌സിന്‍ എടുത്തവരുമാണെന്ന് ന്യൂസിലന്‍ഡ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇവരെ നിരന്തരം പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഇന്ന് മാത്രമാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.