ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ നിന്ന് മോഷണം പോയ 248 പൗരാണിക വസ്തുക്കള്‍ തിരികെ നല്‍കാനൊരുങ്ങി അമേരിക്ക. 248 വസ്തുക്കളാണ് തിരിച്ച് നല്‍കുന്നത്. 112 കോടി രൂപ വിലവരുന്ന വസ്തുക്കളാണ് തിരികെ ലഭിക്കുന്നത്.

ഇതില്‍ പതിമൂന്നെണ്ണം തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ നിന്ന് മോഷ്ടിക്കപ്പെട്ടവയാണ്. ഇതില്‍ പത്താം നൂറ്റാണ്ടിലെ ഓട്ടു നാടരാജവിഗ്രഹം മുതലുള്ളവയുണ്ട്. തഞ്ചാവൂര്‍ ക്ഷേത്രത്തില്‍ നിന്ന് കടത്തിയ വിഗ്രഹമാണിത്. ആദ്യമായാണ് ഇത്രയധികം വസ്തുക്കള്‍ ഒറ്റത്തവണയായി ഒരു വിദേശരാജ്യം തിരിച്ച് നല്‍കുന്നത്.

ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് ഇവ കൈമാറും. ദീര്‍ഘകാലമായുള്ള അന്വേഷണത്തിന് ഒടുവിലാണ് ഇവ കണ്ടെത്തിയിരിക്കുന്നത്. 2016ലെ മോഡിയുടെ സന്ദര്‍ശനവേളയില്‍ 157 വസ്തുക്കള്‍ തിരികെ നല്‍കാമെന്ന് അമേരിക്കന്‍ അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതിന് പുറമെ 91 വസ്തുക്കള്‍ കൂടി അമേരിക്ക തിരികെ നല്‍കി. കേണല്‍ മാത്യുബോഗ്ദാനോസന്ദിന്റെ നേതൃത്വത്തിലുള്ള ന്യൂയോര്‍ക്ക് ജില്ലാ അറ്റോര്‍ണിയുടെ ഓഫീസിന്റെ നിരന്തര ഇടപെടലിലൂടെയാണ് ഇത് സാധ്യമായത്. ഇന്ത്യന്‍ വംശജനായ കരകൗശല വിദഗ്ദ്ധനും അനലിസ്റ്റുമായ അപ്‌സര അയ്യരും ഇവരുടെ സഹായത്തിനുണ്ടായിരുന്നു.

ഇത് ഇന്ത്യയുടെ ചരിത്രത്തിലെ അനര്‍ഘനിമിഷമാണെന്ന് ഇന്ത്യ പ്രൈഡ് പ്രോജക്ടിന്റെ സഹസ്ഥാപകന്‍ എസ് വിജയകുമാര്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്ന് മോഷണം പോയ വസ്തുക്കള്‍ തിരികെ എത്തിക്കാന്‍ വേണ്ടി രൂപീകരിച്ചിട്ടുള്ള കലാകാരന്‍മാരുടെ കൂട്ടായ്മയാണ് ഇന്ത്യ പ്രൈഡ് പ്രോജക്ട്.

1972 മുതല്‍ രണ്ടായിരം വരെ കേവലം പത്തൊന്‍പത് പുരാതന വസ്തുക്കള്‍ മാത്രമാണ് ഇന്ത്യയിലേക്ക് തിരികെ എത്തിയത് എന്നാണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. ഇതുവരെ ഏതാണ്ട് 300 പൗരാണിക വസ്തുക്കള്‍ തിരികെ എത്തിക്കാനായി. അടുത്ത വര്‍ഷത്തോടെ ഈ സംഖ്യ 700ല്‍ എത്തിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

ജര്‍മ്മനി, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലും നിരവധി വിഗ്രഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

സുഭാഷ് കപൂര്‍ എന്നയാളാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവ അമേരിക്കയിലേക്ക് കടത്തിയത്. പാസ്റ്റ് ഗാല്ലറി എന്ന ഇയാളുടെ സ്ഥാപനത്തിലൂടെയാണ് ഇതിന്റെ ഇടപാടുകള്‍ നടത്തിയിരുന്നത്. ഇയാളുടെ പാസ്റ്റ് ഗാലറിയിലും പതിനാലു സൂക്ഷിപ്പ് കേന്ദ്രത്തിലും നടത്തിയ തെരച്ചിലിലാണ് ഇവയിലേറെയും കണ്ടെത്തിയത്. ഇവിടെ നിന്ന് ഏകദേശം 2,622 കരകൗശലവസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയിലേറെയും ഇന്ത്യയില്‍ നിന്ന് കടത്തിയതാണ്. ഇതിനെല്ലാം കൂടി 850 കോടിയോളം വില വരും. നേപ്പാള്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, കംബോഡിയ, പാകിസ്ഥാന്‍, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കടത്തിയവയും ഇക്കൂട്ടത്തിലുണ്ട്.

ഇന്ത്യയില്‍ നിന്ന് കടത്തിയതില്‍ പ്രധാനം നടരാജ വിഗ്രഹമാണ്. 1971ലാണ് ഇത് കാണാതെ പോയത്. ന്യൂയോര്‍ക്കിലെ ഏഷ്യന്‍ സൊസൈറ്റി മ്യൂസിയത്തില്‍ നിന്നുമാണ് ഇത് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.