ജനീവ: ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്ക് നിര്‍മ്മിച്ച കോവിഡ് വാക്‌സിനായ കോവാക്‌സിന് അടുത്താഴ്ചയോടെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചേക്കുമെന്ന് സൂചന. കോവാക്‌സിന് അംഗീകാരം നല്‍കുന്നത് വൈകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കവെയാണ് ലോകാരോഗ്യ സംഘടന ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങള്‍ക്ക് ഇന്ത്യന്‍ മരുന്ന് നിര്‍മ്മാണ കമ്പനികളെ വിശ്വാസമാണെന്നും അവര്‍ വ്യക്തമാക്കി.

ഇന്ത്യന്‍ നിര്‍മ്മിത വാക്‌സിനുകള്‍ക്ക് ഉന്നത ഗുണനിലവാരമുണ്ടാകുമെന്ന കാര്യത്തില്‍ തങ്ങള്‍ക്ക് സംശയമില്ലെന്നും അവര്‍ വ്യക്തമാക്കി. ഭാരത് ബയോടെക് ഏപ്രില്‍ പത്തൊന്‍പതിനാണ് ലോകാരോഗ്യസംഘടനയ്ക്ക് താത്പര്യ പത്രം നല്‍കിയത്. അന്തിമ പരിശോധനകള്‍ക്കായി ചില വിവരങ്ങള്‍ കൂടി ഭാരത് ബയോടെക്കില്‍ നിന്ന് ലോകാരോഗ്യ സംഘടന തേടിയിട്ടുണ്ട്.

ഭാരത് ബയോടെക്ക് വിവരങ്ങള്‍ വേഗത്തിലും കൃത്യമായും നല്‍കുന്നുണ്ടെന്ന് ലോകാരോഗ്യസംഘടനയുടെ അക്‌സെസ് ടു മെഡിസിന്‍ ആന്‍ഡ് ഹെല്‍ത്ത് പ്രൊഡക്ട്‌സ് അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഡോ.മാരിയാഞ്ചലോ സിമാവോ പറഞ്ഞു. എന്നാല്‍ ഏറ്റവും ഒടുവില്‍ ഇവര്‍ അന്തിമ വിവരങ്ങള്‍ നല്‍കിയത്. ഈ മാസം പതിനെട്ടിന് മാത്രമാണ്. കൃത്യമായ വിവരങ്ങള്‍ ഇല്ലാഞ്ഞിട്ടും കോവാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മതിയായ വിവരങ്ങള്‍ ഇല്ലാഞ്ഞിട്ടും ചൈനീസ് നിര്‍മ്മിത വാക്‌സിനുകളായ സിനോഫാമിനും സിനോ വാക്കിനും അനുമതി നല്‍കിയിട്ടുണ്ടെന്നും ചൂണ്ടീക്കാട്ടുന്നു.

അടുത്ത മാസം രണ്ടിന് ലോകാരോഗ്യസംഘടനയുടെ സാങ്കേതിക ഉപദേശക സമിതി യോഗം ചേരുന്നുണ്ട്. ഇതില്‍ അന്തിമ വിവരങ്ങള്‍ പരിശോധിക്കും. തുടര്‍ന്ന് അനുമതി നല്‍കല്‍ നടപടികളുമുണ്ടാകുമെന്നാണ് സൂചന. ഭാരത് ബയോടെക്കുമായി ലോകാരോഗ്യസംഘടന നിരന്തരം ബന്ധപ്പെടുന്നുണ്ട്.