ലണ്ടന്‍: രണ്ട് സഹോദരിമാരെ കൊന്ന കൗമാരക്കാരന് മുപ്പത്തഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ. സഹോദരിമാരെ പിശാചിന് ബലി നല്‍കിയെന്നാണ് ഇയാളുടെ ഭാഷ്യം.

ദന്യാല്‍ ഹുസൈന്‍ എന്ന പത്തൊന്‍പതുകാരനെയാണ് കോടതി ശിക്ഷിച്ചത്. ഒരു വലിയലോട്ടറി അടിച്ചാല്‍ സഹോദരിമാരെ ബലി നല്‍കാമെന്ന നേര്‍ച്ചയാണ് കൊലപാതകത്തില്‍ കലാശിച്ചത്. തന്റെ രക്തം ഉപയോഗിച്ച് പേര് എഴുതിയായിരുന്നു നേര്‍ച്ച. ബ്രിട്ടനിലാണ് സംഭവം.

ബിബ ഹെന്‍ റി, നിക്കോള്‍ സ്മാള്‍മാന്‍ എന്നിവരെയാണ് കൊലപ്പെടുത്തിയത്. ഒരു നിശാപ്പാര്‍ട്ടിക്ക് ശേഷം ഇരുവരും ഒരു പാര്‍ക്കില്‍ നൃത്തം ചെയ്യുന്നതിനിടെയായിരുന്നു കൊലപാതകം. 2020 ജൂണില്‍ ബിബയുടെ 46മത് ജന്മദിനാഘോഷച്ചടങ്ങിന് ശേഷമായിരുന്നു ഇത്.

തന്റെ സുന്ദരിമാരായ മക്കള്‍ക്ക് നീതി കിട്ടിയെന്ന് ഇവരുടെ മാതാവ് മിന സ്മാള്‍മാന്‍ പ്രതികരിച്ചു. ഒരിക്കലും ഹുസൈന്‍ പുറത്തിറങ്ങരുതെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ കൊലപാതകം ഹുസൈന്‍ നിഷേധിച്ചു. ഇയാളുടെ ശിക്ഷ മാനസിക രോഗ വിദഗ്ദ്ധന്റെ റിപ്പോര്‍ട്ട് ലഭിക്കും വരെ മാറ്റി വച്ചിരിക്കുകയാണ്. തികച്ചും അപരിചിതരായ സ്്ത്രീകളെയാണ് ഇയാള്‍ കൊന്നതെന്നും അവരെ ഇയാള്‍ ഭയപ്പെടുത്തിയെന്നും കൊന്നെന്നും കോടതിചൂണ്ടിക്കാട്ടി.

ഹുസൈന്‍ കുട്ടിക്കാലം മുതല്‍ തന്നെ പ്രശ്‌നക്കാരനായിരുന്നു. സ്‌കൂള്‍ കമ്പ്യൂട്ടറുകളില്‍ തീവ്രവലതുപക്ഷ പ്രചാരണങ്ങള്‍ തിരഞ്ഞെന്ന കുറ്റത്തിന് ഇയാളെ ചികിത്സിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷം നീണ്ട ചികിത്സയ്ക്ക് ശേഷമാണ് ഇയാളെ അവിടെ നിന്ന് വിട്ടയച്ചത്.

ഇയാള്‍ 28 പ്രാവശ്യം നിക്കോളിനെ കുത്തിയെന്നാണ് റിപ്പോര്‍ട്ട്. ബിബയെ എട്ട് തവണയും കുത്തി. പിന്നീട് സംഭവസ്ഥലത്ത് നിന്ന് ഇയാള്‍ രക്ഷപ്പെട്ടു. ഇയാളുടെ ശരീരത്തിലും അക്രമത്തിനിടെ പരിക്കേറ്റിരുന്നു. ഡിഎന്‍എ, സിസിടിവി ദൃശ്യങ്ങള്‍ എന്നിവ പരിശോധിച്ചതിലൂടെയാണ് ഇയാള്‍ പിടിയിലായത്. ഒരു മാസത്തിന് ശേഷമാണ് ഇയാളെ പിടികൂടാന്‍ സാധിച്ചത്.