ബാങ്കോക്ക്: ബഹുനില കെട്ടിടത്തില്‍ പെയിന്റ് ചെയ്യാന്‍ വന്നവരെ 26-ാം നിലയില്‍ കുടുക്കി വീട്ടമ്മ. തായ്‌ലന്‍ഡിലാണ് സംഭവം .

ബാങ്കോക്കിന് വടക്കുള്ള പാക്ക് ക്രേറ്റിനു സമീപത്തെ കെട്ടിടത്തിലാണ് മ്യാന്മാര്‍ സ്വദേശികളായ സോംഗ് തായും , സുഹൃത്തും പെയിന്റ് ചെയ്യാന്‍ കയറിയത് .

മുപ്പത്തിരണ്ടാം നിലയില്‍ നിന്ന് കയറില്‍ തൂങ്ങിയായിരുന്നു ഇവര്‍ 26-ാം നിലയിലേയ്‌ക്ക് ഇറങ്ങിയത് . എന്നാല്‍ അധികം വൈകാതെ ഇവര്‍ പിടിച്ചിരുന്ന കയര്‍ തൊട്ടടുത്ത മുറിയില്‍ താമസിക്കുകയായിരുന്ന വീട്ടമ്മ മുറിച്ച്‌ മാറ്റുകയായിരുന്നു . ജനല്‍ തുറന്ന് അകത്ത് കടത്തണമെന്ന യുവാക്കളുടെ നിലവിളിയും ഇവര്‍ ചെവിക്കൊണ്ടില്ല .

ഒടുവില്‍ ഏണിയില്‍ തൂങ്ങികിടന്ന ഇവരെ വിവരം അറിഞ്ഞെത്തിയ പോലീസാണ് രക്ഷിച്ചത് . സ്ത്രീക്കെതിരെ കൊലപാതകശ്രമത്തിനും സ്വത്ത് നശീകരണത്തിനും കേസെടുത്തിട്ടുണ്ടെന്ന് പോലീസ് ഓഫീസര്‍ പോങ്‌ജാക്ക് പ്രീചകരുന്‍പോംഗ് പറഞ്ഞു . എന്നാല്‍ കൊലപാതക ശ്രമം യുവതി നിഷേധിച്ചിട്ടുണ്ട്. 15 ദിവസത്തിനകം പ്രവിശ്യാ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും വധശ്രമക്കേസില്‍ കുറ്റം തെളിഞ്ഞാല്‍ 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്നും പ്രീചകരുന്‍പോംഗ് പറഞ്ഞു .