വാഷിംഗ്ടണ്‍: 439 അമേരിക്കക്കാര്‍ ഇപ്പോഴും അഫ്ഗാനില്‍ കുടുങ്ങിക്കിടപ്പുണ്ടെന്ന് അധികൃതര്‍. കഴിഞ്ഞ ദിവസം അമേരിക്കന്‍ പാര്‍ലമെന്റിലാണ് പെന്റഗണ്‍ വൃത്തങ്ങള്‍ ഇക്കാര്യം അറിയിച്ചത്. ഇവരിലേറെപ്പേരുമായും ഇതിനകം തന്നെ ബന്ധപ്പെട്ടുകഴിഞ്ഞതായും അധികൃതര്‍ വ്യക്തമാക്കി.

363 അമേരിക്കക്കാരുമായി ഇതിനകം തങ്ങള്‍ ബന്ധപ്പെട്ടതായി അമേരിക്കന്‍ പ്രതിരോധ അണ്ടര്‍ സെക്രട്ടറി കോളിന്‍ കാഹല്‍ അറിയിച്ചു. എന്നാല്‍ ഇവരില്‍ 176 പേര്‍ക്ക് മാത്രമേ മടങ്ങി വരാന്‍ താത്പര്യമുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനില്‍ കുടുങ്ങിയിട്ടുള്ള 243 അമേരിക്കക്കാര്‍ക്ക് മടങ്ങി വരാന്‍ താത്പര്യമില്ല. അവിടത്തെന്നെ തുടരുകയാണ് എന്നാണ് അവരുടെ നിലപാട്. മടങ്ങാന്‍ താത്പര്യമുള്ളവരെ എങ്ങനെയും തിരിച്ചെത്തിക്കുമെന്നും അമേരിക്കന്‍ അധികൃതര്‍ വ്യക്തമാക്കി.

അഫ്ഗാനില്‍ 200ല്‍ കൂടുതല്‍ അമേരിക്കക്കാര്‍ കുടുങ്ങിയിട്ടില്ലെന്നായിരുന്നു നേരത്തെ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരുന്നത്. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ദീര്‍ഘമായ അധിനിവേശത്തിന് ശേഷം ഇക്കഴിഞ്ഞ ഓഗസ്റ്റ് 31നാണ് അമേരിക്കന്‍ സേന അഫ്ഗാനില്‍ നിന്ന് മടങ്ങിയത്. ആയിരക്കണക്കിന് അമേരിക്കക്കാരെയും ഇതര രാജ്യക്കാരെയും സുരക്ഷിതമാക്കി അമേരിക്കന്‍ സൈന്യം മടക്കി അയച്ചിരുന്നു.