ന്യൂയോര്‍ക്ക്: ശക്തമായ കടല്‍ക്കാറ്റിനെ തുടര്‍ന്ന് നിരവധി വൃക്ഷങ്ങള്‍ കടപുഴകി. ആറ് ലക്ഷത്തോളം വീടുകളിലെ വൈദ്യുതി ബന്ധവും തകരാറിലായി. കഴിഞ്ഞ ദിവസം വടക്ക് കിഴക്കന്‍ അമേരിക്കയിലാണ് ശക്തമായ കാറ്റ് വീശിയത്.

വന്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സാഹചര്യം അപകടകരമാണെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റിന് സമാനമായ കാറ്റാണ് വീശിയതെന്നും അവര്‍ വ്യക്തമാക്കി. ആരും പുറത്തിറങ്ങരുതെന്നും യാത്രകള്‍ മാറ്റി വയ്ക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

റോദെ ദ്വീപിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ മാത്രം ഒരു ലക്ഷത്തോളം വീടുകളില്‍ വൈദ്യുതി ബന്ധം തകര്‍ന്നു. ഇന്ന് രാത്രിയോടെ കാറ്റിന്റെ സഞ്ചാരപഥം മാറുമെന്നും തീരം വിട്ട് പോകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

നിരവധി സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. മരങ്ങള്‍ വീണ് പലയിടങ്ങളിലും റോഡ്ഗതാഗതവും തടസപ്പെട്ടു. കാറിന് മുകളില്‍ മരം വീണ് ഒരു സ്ത്രീ കാറിലകപ്പെട്ടു. പൊലീസ് ഇവരെ രക്ഷിച്ചു. നിരവധി ആളുകള്‍ സഹായം അഭ്യര്‍ത്ഥിച്ച് വിളിച്ചതായി അഗ്നിശമന സേന അറിയിച്ചു.