ലണ്ടന്‍ : ലോകത്തിലെ ആദ്യതപാല്‍സ്റ്റാമ്പ് ലേലത്തിന്. 62 കോടി ഇന്ത്യന്‍ രൂപയെങ്കിലും പെനി ബ്ലാക്ക് എന്ന ഈ സ്റ്റാമ്പിന് ലഭിക്കുമെന്നാണ് പ്രതീക്ഷ.

വിക്ടോരിയ രാഞ്ജിയുടെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പാണിത്. സോത്‌ബെ ആണ് ലേലം സംഘടിപ്പിച്ചിരിക്കുന്നത്. ഡിസംബര്‍ ഏഴിനാണ് ലണ്ടനില്‍ ലേലം നടക്കുന്നത്. 1840ലാണ് പെനി ബ്ലാക്ക് പുറത്തിറങ്ങിയത്. സ്റ്റാമ്പിനൊപ്പം 1840 ഏപ്രില്‍ പത്ത് തീയതി വച്ച ഒരു രേഖയും ഇതിനൊപ്പമുണ്ട്. സ്‌കോട്ടിഷ് രാഷ്ട്രതന്ത്രജ്ഞനായ റോബര്‍ട്ട് വാല്ലസ് എന്ന ബ്രിട്ടീഷ് തപാല്‍ പരിഷ്‌ക്കര്‍ത്താവിന്റെ കുറിപ്പാണിത്.

തപാല്‍ ചാര്‍ജ് നേരത്തെ തന്നെ നല്‍കി എന്ന് തെളിയിക്കുന്നതിനായി ഇത്തരമൊരു സ്റ്റാമ്പ് എന്ന ആശയം മുന്നോട്ട് വച്ചത് ബ്രിട്ടീഷുകാരനായ സര്‍ റോളണ്ട് ഹില്‍ ആയിരുന്നു. ആ സമയത്ത് തപാല്‍ ഉരുപ്പടി സ്വീകരിക്കുന്ന ആള്‍ തപാല്‍ ചാര്‍ജ് നല്‍കുകയായിരുന്നു പതിവ്.

പെന്നി ബ്ലാക്കിന്റെ വരവോടെ പതിനാല് ഗ്രാം ഭാരം വരെയുള്ള തപാല്‍ ഉരുപ്പടികള്‍ കേവലം ഒരുപെന്നിയ്ക്ക് എത്തിച്ച് നല്‍കാന്‍ തുടങ്ങി. ദൂരം ഒരു പ്രശ്‌നമേ അല്ലാതായി. അങ്ങനെ ചരിത്രത്തിലെ ആദ്യത്തെ തപാല്‍ സ്റ്റാമ്പെന്ന ബഹുമതിയും സ്റ്റാമ്പ് ശേഖരണ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നുമായി പെനി ബ്ലാക്ക് മാറി.

സ്വകാര്യ പൊതു ഉടമസ്ഥതയിലുള്ള പല സ്റ്റാമ്പ് ശേഖരണത്തിലും വിലമതിക്കാനാകാത്ത പല സ്റ്റാമ്പുകളുമുണ്ട്. ആദ്യത്തെ മൂന്ന് ബ്ലാക്ക് പെന്നിസ്റ്റാമ്പാണ് ഇപ്പോഴും ലോകത്ത് നിലനില്‍ക്കുന്നത്. മറ്റ് രണ്ടെണ്ണം ബ്രിട്ടിഷ് തപാല്‍ മ്യൂസിയത്തിലുണ്ട്.

ഇപ്പോള്‍ ലേലത്തിന് വച്ചിരിക്കുന്ന സ്റ്റാമ്പിന്റെ ഉടമ അലന്‍ ഹോള്‍യോക്ക് എന്ന വ്യവസായി ആണ്. ഇദ്ദേഹം ഒരു സ്റ്റാമ്പ് ശേഖരണക്കാരന്‍ കൂടിയാണ്. ഈ സ്റ്റാമ്പ് പത്ത് വര്‍ഷമായി ഇദ്ദേഹത്തിന്റെ കയ്യിലുണ്ട്. വാല്ലസിന്റെ ഒപ്പ് ഉള്ളത് കൊണ്ട് തന്നെ ഇത് ലോകത്തിലെ ആദ്യ സ്റ്റാമ്പാണെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കത്തിനും ഇടയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മൂന്ന് വര്‍ഷത്തോളം ഹോല്‍യോക്കെ ഈ സ്റ്റാമ്പിന്റെ ആധികാരികതയെക്കുറിച്ച് ഗവേഷണം നടത്തിയിരുന്നു. റോയല്‍ ഫിലാറ്റലിക് സൊസൈറ്റിയുടെയും ബ്രിട്ടീഷ് ഫിലാറ്റലിക് അസോസിയേഷന്റെയും സര്‍ട്ടിഫിക്കറ്റുകളും ഇതിന് ലഭിച്ചിട്ടുണ്ട്.

ഇത്തരത്തില്‍ ഒരു തപാല്‍ സ്റ്റാമ്പ് ലേലത്തിന് വരുന്നത് ഇതാദ്യമായാണെന്ന് ലേലക്കമ്പനിയായ സൊതെബി പറഞ്ഞു.