ന്യൂയോർക്ക് : ഏറ്റവും കുപ്രസിദ്ധമായ മയക്കുമരുന്ന് രാജാവ് പാബ്ലോ എസ്കോബാര്‍ വളര്‍ത്തുമൃഗങ്ങളായി കൊണ്ടുവന്ന കൊക്കെയ്ന്‍ ഹിപ്പോകളെ മനുഷ്യരെ പോലെ അംഗീകരിക്കാമെന്ന് യുഎസ് കോടതി.

വളര്‍ത്തുമൃഗങ്ങളായി കൊളംബിയയിലേക്ക് കൊണ്ടുവന്ന ഇവ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഭയാനകമായ വേഗതയില്‍ പ്രജനനം നടത്തുകയും കൊളംബിയന്‍ സസ്യജന്തുജാലങ്ങള്‍ക്ക് ഗുരുതരമായ ഭീഷണിയായി മാറുകയും ചെയ്തു.

ജൈവവൈവിധ്യത്തിന് ഭീഷണിയായ ഹിപ്പോകളുടെ എണ്ണം അതിവേഗം വളര്‍ന്നതിനാല്‍ അവയെ കൊല്ലുകയോ വന്ധ്യംകരിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെടുന്ന കേസിലാണ് പുതിയ വിധി. നിയമപരമായ അവകാശങ്ങളുള്ള ആളുകളോ താല്‍പ്പര്യമുള്ള വ്യക്തികളോ ആയി ഹിപ്പോകളെ കാണാമെന്നാണ് ഫെഡറല്‍ കോടതി ചൂണ്ടിക്കാട്ടിയത്.

മൃഗങ്ങള്‍ക്ക് വ്യക്തിത്വ പദവി നല്‍കുന്നതിനായി യുഎസ് നീതിന്യായ വ്യവസ്ഥയെ സ്വാധീനിക്കാന്‍ ദീര്‍ഘകാലങ്ങളായി മൃഗാവകാശ സംഘടനകള്‍ ശ്രമിക്കുന്നുണ്ടായിരുന്നു. 1980 കളില്‍ പാബ്ലോ എസ്കോബാര്‍ ഒരു അമേരിക്കന്‍ മൃഗശാലയില്‍ നിന്നാണ് കൊളംബിയയിലേയ്‌ക്ക് നാല് ഹിപ്പോകളെ കടത്തി കൊണ്ടു വന്നത്.

തുടര്‍ന്ന് പ്യൂര്‍ട്ടോ ട്രൈന്‍‌ഫോയിലെ അദ്ദേഹത്തിന്റെ ആഡംബര വീട്ടില്‍ അവയെ പാര്‍പ്പിച്ചു. എന്നാല്‍ പാബ്ലോയുടെ സാമാജ്യം തകര്‍ന്നതോടെ ഇവയെ കാട്ടിലേക്ക് വിട്ടു. ധാരാളം ജലസ്രോതസ്സുകള്‍ ഉള്ളതിനാല്‍ ഹിപ്പോപൊട്ടാമസുകളുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്തു.

തുടക്കത്തില്‍ നാല് ഹിപ്പോകള്‍ മാത്രം ഉണ്ടായിരുന്നിടത്ത് ഇന്ന് നൂറിലധികം ഹിപ്പോകള്‍ ഉണ്ട്, 2039 ഓടെ 1,400 ഹിപ്പോകള്‍ ഉണ്ടാകുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇവയെ വേട്ടയാടാനുള്ള മൃഗങ്ങളും അവിടെ ഇല്ല. ഈ ഹിപ്പോകള്‍ ഇപ്പോള്‍ ‘കൊക്കെയ്ന്‍ ഭീമന്മാര്‍’ എന്നാണ് അറിയപ്പെടുന്നത്