ദോഹ : അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയ താലിബാന്‍ ഭരണകൂടവുമായി ബന്ധം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി ചൈന. സാമ്പത്തിക വാണിജ്യമേഖലയില്‍ അഫ്ഗാനിലെ സ്ഥിതി പരിഹരിക്കാന്‍ വേണ്ട എല്ലാ സഹായ വാഗ്ദാനങ്ങളും ചൈന മുന്നോട്ട് വെച്ചതായാണ് സൂചന.

‘അഫ്ഗാനിലെ നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തില്‍ ചൈന സംതൃപ്തി അറിയിച്ചു. സാമ്പത്തിക വാണിജ്യമേഖലയില്‍ മുന്‍ തീരുമാനമനുസരിച്ച്‌ പരസ്പരം സഹായിക്കുമെന്നും ഉറപ്പു നല്‍കിയിട്ടുണ്ട്. നിലവില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിലും ആരോഗ്യരക്ഷാ പ്രവര്‍ത്തനത്തിലും ചൈന അടിയന്തിര സഹായം നല്‍കിയിരുന്നു’- താലിബാന്‍ വക്താവ് സൈബുള്ള മുജാഹിദ് പറഞ്ഞു.

ദോഹ കേന്ദ്രീകരിച്ച്‌ ചൈനയുമായും ഐക്യരാഷ്‌ട്രസഭാ പ്രതിനിധികളുമായും താലിബാന്‍ ചര്‍ച്ചകള്‍ തുടരുകയാണ്. താലിബാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മോത്വാഖ്വിയാണ് ദോഹ കേന്ദ്രീകരിച്ച്‌ താലിബാന് വേണ്ടി സംഭാഷണങ്ങള്‍ നടത്തുന്നത്.