റോം : ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനെതിരെ പ്രതിഷേധവുമായി ഇറ്റലിയിലെ മുന്‍ ഫ്ളൈറ്റ് അറ്റൻഡര്‍മാര്‍. ഇറ്റലിയുടെ പുതിയ ദേശീയ എയര്‍ലൈന്‍ ആയ ഐടിഎ എയര്‍വേസിലെ നടപിക്രമങ്ങള്‍ക്കെതിരെയാണ് മുന്‍ ജീവനക്കാര്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

റോമിലെ ടൗണ്‍ ഹാളായ കാംപിഡോഗ്ലിയോയ്‌ക്ക് മുന്നില്‍ ചെരിപ്പിടാതെയാണ് അന്‍പത് വനിതാ ജീവനക്കാര്‍ എത്തിയത്. നിശബ്ദരായിരുന്ന അവര്‍ അലിട്ടേലിയ യൂണിഫോമുകള്‍ അഴിച്ച്‌ പ്രതിഷേധിച്ചു. തുടര്‍ന്ന് ‘വി ആര്‍ അലിട്ടേലിയ’ എന്ന മുദ്രാവാക്യങ്ങളും വിളിച്ചു.

ഇറ്റലിയുടെ പുരാതന എയര്‍ലൈനായ അലിട്ടേലിയ ഒക്ടോബര്‍ 14 നാണ് പറക്കല്‍ നിര്‍ത്തിയത്. സാമ്പത്തികബാദ്ധ്യതയെ തുടര്‍ന്നായിരുന്നു അത്. ഇതിന് പിന്നാലെ ഒക്ടോബര്‍ 15 മുതല്‍ ഐടിഎ സര്‍വ്വീസ് ആരംഭിച്ചു. എന്നാല്‍ ഐടിഎ എയര്‍ലൈന്‍സില്‍ എടുത്തിരിക്കുന്ന ജീവനക്കാര്‍ക്ക് തുച്ഛമായ ശമ്പളമാണ് നല്‍കുന്നത്.

അലിട്ടേലിയയിലുള്ള ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. ഇതിനെതിരെയാണ് ഇവര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് അഞ്ച് വര്‍ഷത്തേക്കെങ്കിലും ആനുകൂല്യങ്ങള്‍ നല്‍കണമെന്ന ആവശ്യവുമായി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.