റിയാദ്: സൗദിയില്‍ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കുന്നത് നീട്ടി വെച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് ഈ മാസം 31ന് ക്ലാസുകള്‍ തുടങ്ങുന്നത് മാറ്റിയത്.

ഈ മാസം 31ന് പ്രൈമറി ക്ലാസുകള്‍ പൂര്‍ണമായും തുടങ്ങാനായിരുന്നു സൗദി അറേബ്യ തീരുമാനിച്ചിരുന്നത്. ഇതിന് മുന്നോടിയായി ജനസംഖ്യയുടെ 70 ശതമാനവും വാക്സിന്‍ രണ്ട് ഡോസും പൂര്‍ത്തിയാക്കുമെന്നും അറിയിച്ചിരുന്നു.

എന്നാല്‍ ഇത് പൂര്‍ത്തിയാകാത്ത സാഹചര്യവും കുഞ്ഞുങ്ങളുടെ സുരക്ഷയും കണക്കിലെടുത്താണ് തീരുമാനം മാറ്റിയത്. ഇതിനാല്‍ ഒക്ടോബര്‍ 31ന് ശേഷവും വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ ഓണ്‍ലൈനില്‍ തുടരും. വാക്സിന്‍ സ്വീകരിച്ചതോടെ സൗദിയിലെ ഇന്ത്യന്‍ സ്‌കൂളുകളിലടക്കം മുതിര്‍ന്ന കുട്ടികള്‍ക്ക് നേരിട്ടുള്ള അധ്യയനം തുടങ്ങിയിരുന്നു. ഓരോ ക്ലാസുകളിലും ആദ്യ ഘട്ടത്തില്‍ 20 വീതം വിദ്യാര്‍ത്ഥികളെയാണ് പ്രവേശിപ്പിച്ചിരുന്നത്.

വാക്സിനേഷന്‍ സ്വീകരിക്കാത്തവര്‍ക്ക് ഇപ്പോഴും ഓണ്‍ലൈനിലാണ് ക്ലാസുകള്‍. കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് പ്രവേശനം. കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ക്ലാസുകള്‍ നിര്‍ത്തിവെക്കണമെന്നാണ് നിര്‍ദ്ദേശം.