വാഷിംഗ്ടണ്‍: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതോടെ മെഡിക്കല്‍ ഗ്രേഡ് നൈട്രജന്‍ ഗ്ളൗസുകളുടെ ആവശ്യവും വര്‍ദ്ധിച്ചുവരുകയാണ്. ഈ അവസരം മുതലെടുക്കുകയാണ് വിവിധ രാജ്യങ്ങളിലേക്ക് മെഡിക്കല്‍ ഗ്ളൗസ് കയറ്റുമതി ചെയ്യുന്ന തായ്ലന്റ്. എന്നാല്‍ കയറ്റുമതി ചെയ്തത് പലതും ഉപയോഗിച്ച്‌ വൃത്തിശൂന്യമായ കയ്യുറകളാണ്.

ബാങ്കോക്കിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ഗോ‌ഡൗണില്‍ നിന്നുമാണ് വൃത്തിഹീനവും രക്തം പുരണ്ടതുമായ കൈയുറകള്‍ കണ്ടെത്തിയത്. അതിനു സമീപത്തായി ഒരു പ്ലാസ്റ്റിക് പാത്രത്തില്‍ നീല ചായവും അതില്‍ കുറച്ചു കയ്യുറകളും നിറച്ചു വച്ചിരിക്കുന്നു. ഡിസംബറില്‍ തായ് ഹെല്‍ത്ത് അധികൃതര്‍ റെയ്‌ഡ് നടത്തിയിരുന്നു. കുടിയേറ്റ തൊഴിലാളികള്‍ കയ്യുറകള്‍ കൂടുതല്‍ പുതുമയുള്ളതാക്കാന്‍ ശ്രമിക്കുന്നതാണെന്നാണ് ഉദ്യോഗസ്ഥര്‍ അന്ന് പറ‌ഞ്ഞിരുന്നത്.

നിലവില്‍ നിരവധി നിര്‍മാണ ശാലകളാണ് തായ്ലന്റില്‍ ഉള്ളത്. അന്വേഷണത്തിലൂടെ ദശലക്ഷക്കണക്കിന് വ്യാജവും സെക്കന്റ് ഹാന്‍ഡ് നൈട്രൈല്‍ ഗ്ളൗസും അമേരിക്കയില്‍ എത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. ഈ വര്‍ഷം ഫെബ്രുവരിയിലും മാര്‍ച്ചിലും ഒരു കമ്പനിയില്‍ നിന്ന് ഗുണനിലവാരമില്ലാത്തതും മലിനവുമായ കയ്യുറകള്‍ കണ്ടെത്തിയിരുന്നു. എന്നിട്ടും തുടര്‍ന്നുള‌ള മാസങ്ങളില്‍ തായലന്റ് കയറ്റുമതി ചെയ്തത് ദശലക്ഷക്കണക്കിന് കയ്യുറകളാണ്.

2020ല്‍ കൊവിഡിനെ തുടര്‍ന്ന് കയ്യുറകളുടെ ഉപയോഗം വര്‍ദ്ധിച്ച സമയത്ത് പെട്ടന്ന് ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ലെന്ന് പല കമ്പനികളും പറഞ്ഞതിനെ തുടര്‍ന്ന് തായ്ലന്റില്‍ നിന്നുമാണ് പല രാജ്യങ്ങളും കയ്യുറകള്‍ വാങ്ങിയിരുന്നത്.